പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ റെയ്ഡ്
അഡ്മിൻ
ആലുവ : മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 20 എസ്ഡിപിഐ പ്രവര്‍ത്തകരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവയില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യം ചെയ്തു വരികയാണ്. അതേസമയം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പൊലീസ് സംഘം റെയ്ഡ് നടത്തി. വാഴക്കാട് എളമരത്തുള്ള വീട്ടിലും അടുത്തുള്ള ക്വാട്ടേഴ്സിലുമാണ് പരിശോധന നടത്തിയത്. വാഴക്കാട് പോലീസും സ്പെഷ്യല്‍ ബ്രാഞ്ചുമാണ് മൂന്ന് മണിക്കൂറോളം നീണ്ട പരിശോധന നടത്തിയത്. എന്നാല്‍, റെയ്ഡിന്റെ വിവരം നാസറുദ്ദീന്‍ മുന്‍കൂട്ടി അറ്ഞ്ഞു എന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. പോലീസിലെ പച്ചവെളിച്ചം എന്ന ഗ്രൂപ്പിലുള്ള ചില പോലീസുകാരെ നിരീക്ഷിക്കാന്‍ ഉന്നതപോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നാണ് സൂചനകള്‍.
അഭിമന്യുവിനെ കുത്തിക്കൊന്ന കൊലപാതകികളെയെല്ലാം പിടിക്കുവാന്‍ പോലീസിന് ഇതേവരെയും സാധിച്ചിട്ടില്ല. അറസ്റ്റിലേക്കുള്ള വഴി കണ്ടെത്തണമെങ്കില്‍ എസ് ഡി പി ഐ സംസ്ഥാന ഭാരവാഹികളിലേക്ക് അന്വേഷണവും ചോദ്യം ചെയ്യലും നീളേണ്ടി വരും. ഇസ്ലാമിക് തീവ്രവാദ സംഘടനകളുടെ നെറ്റ്വര്‍ക്ക് ഉപയോഗിച്ച് പ്രതികളെ രഹസ്യകേന്ദ്രങ്ങളില്‍ ഒളിപ്പിച്ചിരിക്കുകയാണെന്ന് പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളും ഉടന്‍ പിടിയിലാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു അദ്ദേഹം അറിയിച്ചു.