സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയെ തീവെച്ച് കൊന്നു

കോഴിക്കോട് : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു. കോടഞ്ചേരി കുപ്പായക്കോട് സ്വദേശി സജി കുരുവിളയാണ് പൊള്ളലേറ്റ് മരിച്ചത്. 60 ശതമാനത്തോളം പൊള്ളലേറ്റതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സജി കുരുവിള മരിച്ചത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് അജ്ഞാതനായ യുവാവ് സജിയുടെ പണമിടപാട് സ്ഥാപനത്തിലേക്കെത്തിയത്. മലബാര്‍ ഫിനാന്‍സെന്ന സജിയുടെ സ്ഥാപനത്തില്‍ അജ്ഞാതന്‍ അതിക്രമിച്ച് കയറുകയായിരുന്നു. മുഖത്ത് മുളക്‌പൊടി വിതറിയ ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. പിന്നീട് അക്രമി കെട്ടിടത്തിന്റെ പിന്നിലൂടെ രക്ഷപെട്ടു.

പോലീസ് അക്രമിയെ പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ശനിയാഴ്ച മൂന്ന് ലക്ഷത്തിന്റെ വായ്പ ആവശ്യപ്പെട്ട് സജിയുടെ ഓഫീസില്‍ ഒരാള്‍ എത്തിയിരുന്നു. എന്നാല്‍, മതിയായ തിരച്ചറിയല്‍ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ വായ്പ നല്‍കിയില്ല. ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന് ഇന്നലെ സജി ബന്ധുക്കളോട് പറഞ്ഞിരുന്നു. പ്രതിയെ എത്രയും പെട്ടെന്ന് പിടികൂടാന്‍ സാധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

14-Jul-2018