പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ്പ്രസിഡന്റ് പോലീസ് പിടിയില്‍

എറണാകുളം : മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി വൈകി മുളന്തുരുത്തിയിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ ആലുവ പോലീസ് നടത്തിയ തെരച്ചിലില്‍ ചില രേഖകള്‍ കണ്ടെത്തിയിരുന്നു. മൂവാറ്റുപുഴയിലെ രഹസ്യ കേന്ദ്രത്തില്‍വെച്ച് വെള്ളിയാഴ്ച പുലര്‍ച്ചെവരെ നാസറിനെ ചോദ്യംചെയ്തു. രക്തസമ്മര്‍ദം കൂടിയതിനെത്തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. നിര്‍ണായക വിവരങ്ങള്‍ നാസറിന്റെ കൈയ്യില്‍ നിന്നും ലഭിച്ചിട്ടുണ്ട് എന്നാണ് സൂചനകള്‍. 

കൊലപാതകവുമായി ബന്ധപ്പെട്ട് ആലുവയില്‍ അറസ്റ്റുചെയ്തവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നാസറിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍ പദവികളും നാസര്‍ വഹിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള ദിനപത്രത്തിന്റെ നയരൂപവത്കരണ സമിതിയിലും അംഗമാണ്. വെള്ളിയാഴ്ച കൊച്ചിയിലെത്തിയ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ കഴിഞ്ഞദിവസം പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല. നസറുദ്ദീന്‍ എളമരത്തിന് റെയ്ഡിനെ സംബന്ധിച്ചുള്ള വിവരം നേരത്തെ ലഭിച്ചിരുന്നുവെന്നും പോലീസ് സംശയിക്കുന്നുണ്ട്. കൊലക്കേസിലെ പ്രധാന പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായി പോലീസ് സ്ഥിരീകരിച്ചു. പ്രധാന പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ മെല്ലെപ്പോക്കിന്റെ ഫലമാണെന്നുള്ള പ്രചാരണം നടക്കുന്നതായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് കൊലപാതകത്തിലോ, പ്രതികളെ രക്ഷപ്പെടുത്തിയതിലോ പങ്കുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ യു എ പി എ ചുമത്തുവാനാണ് സാധ്യത. അതേ സമയം അഭിമന്യു വധത്തില്‍ പ്രഥമിക അന്വേഷണങ്ങള്‍ നടത്തിയ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) കേസില്‍ നിന്നും പൂര്‍ണമായും പിന്‍മാറിയതുപോലുള്ള നിലപാട് സ്വീകരിക്കുന്നത് ബി ജെ പി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന
ആരോപണം ഉയര്‍ന്നുവരുന്നുണ്ട്. ഇസ്ലാമിക് തീവ്രവാദ സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിന്റെയും ക്യാമ്പസ് ഫ്രണ്ടിന്റെയും എസ് ഡി പി ഐയുടെയും ഉന്നതനേതാക്കള്‍ക്ക് അഭിമന്യു വധവുമായി ബന്ധമുണ്ടെന്ന സൂചനകള്‍ പോലീസ് അന്വേഷണത്തില്‍ ഉയര്‍ന്നുവന്നിട്ടും എന്‍ ഐ എ, അഭിമന്യു വധ കേസിനോട് പുലര്‍ത്തുന്ന വിമുഖത, ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതകള്‍ തമ്മിലുള്ള അന്തര്‍ധാരയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.  

14-Jul-2018