റഷ്യ : ഇംഗ്ലണ്ടിന്റെ അധിനവേശ ശ്രമങ്ങളെ അതിജീവിച്ച് ബെല്‍ജിയം മൂന്നാം സ്ഥാനം ഉറപ്പിച്ച ഫുട്‌ബോള്‍ പോരാട്ടത്തിന് ഇന്നലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സാക്ഷ്യം വഹിച്ചു. കെവിന്‍ ഡി ബ്രൂയിന്‍, റുമേലു ലുക്കാക്കു, ഈഡന്‍ ഹസാഡ് എന്നിവരെ മുന്‍നിര്‍ത്തിയ ബെല്‍ജിയം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ 3-5-2 ഫോര്‍മേഷന്‍ ഇംഗ്ലണ്ടിനെ കുഴക്കി. കീഴടക്കി. ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നിനെയും റഹിം സ്‌റ്റെര്‍ലിങ്ങിനെയും മുന്‍നിര്‍ത്തിയ ഗാരേത് സൗത്ത്‌ഗേറ്റിന്റെ 3-5-2 ഫോര്‍മേഷന് ബെല്‍ജിയത്തിന്റെ മധ്യനിരയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ആറു ഗോളുകളുമായി റഷ്യയിലെ ടോപ് സ്‌കോററായ ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ഇന്നലെ തിളങ്ങിയില്ല. സെമി ഫൈനലില്‍ ക്രയേഷ്യയില്‍ നിന്നേറ്റ തോല്‍വി അലട്ടുന്നുണ്ടെന്ന് ഇംഗ്ലണ്ട് താരങ്ങളുടെ ശരീര ഭാഷ വ്യക്തമാക്കി. എന്‍സോ സ്‌കിഫോ, യാന്‍ സുമാന്‍സ് എന്നിവരുടെ ടീം 1986 ലോകകപ്പില്‍ നേടിയ നാലാംസ്ഥാനമാണ് ഇതോടെ ബെല്‍ജിയന്‍ ചരിത്രത്തില്‍നിന്നു മാഞ്ഞത്.
സെമി ഫൈനലില്‍ ഫ്രാന്‍സിനോട് ഒരു ഗോളിനു തോറ്റതിന്റെ ക്ഷീണം മറന്നായിരുന്നു ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറയുടെ കളി. ഇംഗ്ലണ്ട് ക്ര?യേഷ്യക്കെതിരേ നടത്തിയ മിന്നല്‍ തുടക്കത്തിനു സമാനമായിരുന്നു ബെല്‍ജിയം ഇന്നലെ. സെമിയില്‍ കീരന്‍ ട്രിപ്പിയര്‍ അഞ്ചാം മിനിറ്റില്‍ ഗോളടിച്ചെങ്കില്‍ ഇന്നലെ മ്യൂനിയറായിരുന്നെന്നു മാത്രം. ഇന്ന് ലോകകപ്പ് ഫുട്‌ഭോള്‍ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സ് ക്രൊയേഷ്യയെ നേരിടും.