അഭിമന്യുവിന്റെ അര്‍ജ്ജുന്‍ ആശുപത്രി വിട്ടു

എറണാകുളം : ''ഞങ്ങളെ കുത്തിയവര്‍ രണ്ട് ബൈക്കുകളിലാണെത്തിയത്. ഞങ്ങള്‍ ചുവരെഴുതി കൊണ്ടിരിക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന് വന്ന രണ്ടുപേര്‍ ചാടിയിറങ്ങി ഞങ്ങളുടെ ഏടുത്തേക്ക് ഓടിവന്നു. വന്നയുടന്‍ കത്തി കുത്തിയിറക്കി. വണ്ണംകൂടി പൊക്കം കുറഞ്ഞയൊരാളാണ് എന്നെ കുത്തിയത്. അഭിമന്യുവിനെ കുത്തിയത് മറ്റേ ബൈക്കില്‍ വന്നയാളാണെന്നാണ് തോന്നിയത്. അവനെ കുത്തുന്നത് ഞാന്‍ കണ്ടു. ആഴ്ന്നിറങ്ങിയ കത്തി വലിച്ചൂരിയെടുത്തപ്പോള്‍ അവന്‍ നെഞ്ച് പൊത്തിപ്പിടിച്ചു... അപ്പോഴേക്കും ഞാന്‍ കുഴഞ്ഞുപോയി...'' നിറഞ്ഞ കണ്ണുകളോടെ അഭിമന്യുവിന്റെ ഉറ്റ കൂട്ടുകാരന്‍ അര്‍ജ്ജുന്‍ പറഞ്ഞു.

മഹാരാജാസ് ക്യാമ്പസില്‍ വെച്ച് അഭിമന്യുവിനെ കുത്തിക്കൊന്ന ഇസ്ലാമിക് തീവ്രവാദികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ ക്രിമിനലുകള്‍ അര്‍ജ്ജുനെയും കൊല്ലാനായാണ് വന്നത്. ഒറ്റക്കുത്തിന് ഹൃദയം പിളര്‍ത്തി അഭിമന്യുവിനെ കൊന്ന അക്രമികള്‍ക്ക് അര്‍ജ്ജുന്റെ മരണം ഉറപ്പിക്കാന്‍ സാധിച്ചില്ല. അര്‍ജ്ജുന്റെ കരളിനും ആഗ്നേയഗ്രന്ഥിക്കുമാണ് ആഴത്തിലുള്ള മുറിവേറ്റത്. മരണത്തിന്റെ പിടിയില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു അഭിമന്യുവിന്റെ ഉറ്റ സുഹൃത്ത്. മൂന്ന് ശസ്ത്രക്രിയകളാണ് നടത്തിയത്. ഡോക്ടര്‍മാര്‍ ഒരുമാസം പൂര്‍ണ വിശ്രമം നിര്‍ദേശിച്ചിരിക്കുന്നു. അണുബാധ ഏല്‍ക്കാതിരിക്കാന്‍ സന്ദര്‍ശകരെ ഒഴിവാക്കണം. അര്‍ജ്ജുന്‍ സംസാരിക്കാന്‍ പാടില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ട്. വേദനസംഹാരികള്‍ കഴിക്കുന്നതിന്റെ ക്ഷീണവുമായി അഭിമന്യുവിനെ കുറിച്ച് സംസാരിക്കുമ്പോള്‍ അര്‍ജ്ജുന്‍ ആവേശവാനാവുന്നു. വിതുമ്പുന്നു.

കൊല്ലം കൊട്ടാരക്കര ഇഞ്ചക്കാട്ട് കൃഷ്ണപ്രയാഗില്‍ മനോജിന്റെയും ജെമിനിയുടെയും മകനാണ് അര്‍ജ്ജുന്‍. അഭിമന്യുവിന്റെ കൂടെ മഹാരാജാസ് ഹോസ്റ്റലിലായിരുന്നു അര്‍ജ്ജുന്‍ താമസിച്ചിരുന്നത്. ഉറ്റസുഹൃത്തിന്റെ മരണം അര്‍ജ്ജുന്‍ അറിഞ്ഞത് ആശുപത്രിയിലെ നാലാം ദിനമാണ്. മൊഴിയെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍. തുടര്‍ന്ന് എത്രയും വേഗം അഭിമന്യുവിന്റെ വീട്ടില്‍ പോകാന്‍ വീട്ടുകാരെ അര്‍ജ്ജുന്‍ നിര്‍ബന്ധിച്ചു. അര്‍ജ്ജുന്റെ ആശുപത്രി ചെലവുകള്‍ വഹിച്ചത് സിപിഐ എം എറണാകുളം ജില്ലാ കമ്മറ്റിയാണ്. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ പി രാജീവ് ഡോക്ടര്‍മാരുമായി നിരന്തരം ബന്ധപ്പെട്ട് ചികിത്സാ വിവിരങ്ങള്‍ അന്വേഷിച്ച് ഊര്‍ജ്ജിതപ്പെടുത്തി. ''വര്‍ഗീയ ശക്തികളെ ഭയക്കുന്നില്ല. മഹാരാജാസില്‍ തന്നെ പഠിക്കും. എസ് എഫ് ഐയില്‍ സജീവമായി പ്രവര്‍ത്തിക്കും...'' അര്‍ജ്ജുന്റെ വാക്കുകല്‍ക്ക് നല്ല ധൃഡത.  

15-Jul-2018