ഭക്ഷ്യവകുപ്പ് വന്‍ പരാജയം. റേഷന്‍ കാര്‍ഡിന് ഇനിയും കാലതാമസം

തിരുവനന്തപുരം : ഭക്ഷ്യവകുപ്പ് വന്‍പരാജയം. റേഷന്‍കാര്‍ഡിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുവാന്‍ ഇനിയും കാലതാമസം. നേരത്തെ നിശ്ചയിച്ച തിയ്യതിയില്‍ അപേക്ഷ സ്വീകരിക്കാന്‍ സാധിക്കില്ല. സംസ്ഥാനാടിസ്ഥാനത്തില്‍ പദ്ധതി 16ന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി നേരത്തേ അറിയിച്ചിരുന്നു. എന്നാല്‍, സെര്‍വര്‍ സ്ഥാപിക്കുന്നത് വൈകിയതിനാല്‍ തിങ്കളാഴ്ചയും അപേക്ഷ സ്വീകരിക്കാനാവില്ല. മന്ത്രി തലത്തില്‍ ഏകോപന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയില്ല. രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നത് ഒഴിവാക്കാനായി തിരുവനന്തപുരം ജില്ലയിലെ നോര്‍ത്ത്, ചിറയിന്‍കീഴ് താലൂക്കുകളില്‍ 18ന് ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഇതിലെ പോരായ്മ പരിഹരിച്ചശേഷം പദ്ധതി സംസ്ഥാനാടിസ്ഥാനത്തിലാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. റേഷന്‍കാര്‍ഡിന്റെ ആവശ്യക്കാരായ പാവപ്പെട്ട ജനങ്ങള്‍ വലയുന്നത് തുടരുമെന്ന് തന്നെയാണ് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്.  

റേഷന്‍കടയുടെയും കാര്‍ഡുടമകളുടെയും വിവരങ്ങള്‍ സെര്‍വറില്‍ ഉള്‍പ്പെടുത്തുന്നത് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഇത് പൂര്‍ത്തിയായാലേ കൂടുതല്‍ താലൂക്കുകളില്‍ ഓണ്‍ലൈന്‍ സംവിധാനം വരൂ. സ്വന്തം നിലയ്ക്ക് അപേക്ഷിക്കാനാകാത്തവര്‍ക്ക് അക്ഷയകേന്ദ്രം വഴി അപേക്ഷിക്കാമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, അക്ഷയില്‍ ഈടാക്കേണ്ട നിരക്ക് നിശ്ചയിക്കാത്തത് മൂലം അവിടെയും അനിശ്ചിതത്വം തുടരുന്നു. തുക നിശ്ചയിക്കാനായി സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ അധ്യക്ഷനായി സമിതി ഉണ്ടാക്കിയെങ്കിലും ആ കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. തിങ്കളാഴ്ച തുകയുടെ കാര്യത്തില്‍ ധാരണയിലെത്തുമെന്നാണ് പറയുന്നതെങ്കിലും ഒരുറപ്പുമില്ല. നേരിട്ടും അപേക്ഷ സ്വീകരിക്കുന്നുണ്ട്. ജൂലൈ 12 വരെയുള്ള കണക്കനുരിച്ച് 5.30 ലക്ഷം അപേക്ഷകള്‍ നേരിട്ട് വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ലഭിച്ചിട്ടുണ്ട്. അവ നടപടികളെടുക്കാനാവാതെ കെട്ടിക്കിടപ്പാണ്.

പുതിയ അപേക്ഷകര്‍ക്ക് മുന്‍ഗണനേതര കാര്‍ഡുകളാണ് നല്‍കുന്നത്. സംസ്ഥാനത്ത് 1.54 കോടി പേരെയാണ് മുന്‍ഗണനാവിഭാഗത്തിലേക്ക് പരിഗണിക്കുന്നത്. ഇതിന്റെ പരിധി കഴിഞ്ഞതിനാലാണ് പുതിയ കാര്‍ഡുകള്‍ മുന്‍ഗണനേതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഒരോ വര്‍ഷവും പട്ടികയിലെ തെറ്റുകള്‍ തിരുത്തും. അപ്പോള്‍ അര്‍ഹരായവരെ മുന്‍ഗണനാവിഭാഗത്തിലും സംസ്ഥാന സബ്‌സിഡി വിഭാഗത്തിലും ഉള്‍പ്പെടുത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.

റേഷന്‍കാര്‍ഡ് വിഷയത്തില്‍ സിപിഐ സംസ്ഥാന നേതൃത്വം കാണിക്കുന്ന ഉദാസീനത മൂലമാണ് ഭക്ഷ്യമന്ത്രി കെടുകാര്യസ്ഥത തുടരുന്നത് എന്ന ആക്ഷേപം ഉയരുന്നുണ്ട്. മന്ത്രിക്ക് ഭരണനിര്‍വഹണത്തിനുള്ള മാര്‍ഗ നിര്‍ദേശം നല്‍കാന്‍ സിപിഐ നേതൃത്വം തയ്യാറാവുന്നില്ല. അതിനാലാണ് തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്ക് ഭക്ഷ്യവകുപ്പ് മുതലക്കൂപ്പ് നടത്തുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.  

15-Jul-2018