ഉത്തര്‍പ്രദേശിലെ യാഗശാലയില്‍ യുവതിയെ ചുട്ടുകൊന്നു

ഉത്തര്‍പ്രദേശ് : യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ വീണ്ടും സ്ത്രീഹത്യ. വീട്ടില്‍ കുട്ടികളോടൊപ്പം ഉറങ്ങിക്കിടന്ന യുവതിയെ അഞ്ചുപേര്‍ ചേര്‍ന്നു കൂട്ടമാനഭംഗപ്പെടുത്തി ക്ഷേത്രത്തിന്റെ യാഗശാലയില്‍ ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ സംബാല്‍ ജില്ലയിലാണു രാജ്യത്തെ നടുക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്.

മുപ്പത്തിയഞ്ചുകാരിയായ യുവതിയാണ് അതിദാരുണമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടതെന്നു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്പുരയിലെ വീട്ടില്‍ കുട്ടികളോടൊപ്പം ഉറങ്ങുകയായിരുന്നു ഇവര്‍. ഭര്‍ത്താവ് ഗാസിയാബാദില്‍ കൂലിപണിക്കാരനാണ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വീടുപൊളിച്ച് അകത്തുകയറിയ അഞ്ചംഗസംഘം ഇവരെ പീഡിപ്പിക്കുകയായിരുന്നു. ആക്രമണത്തിനിരയായിട്ടും മനസ്സാന്നിധ്യം കൈവിടാതെ സഹായത്തിനായി വീടിനടുത്തുള്ള സഹോദരനെ ഫോണില്‍ വിളിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്ന് അടുത്ത ബന്ധുവിനെ അറിയിച്ചു.

ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുന്ന സമയത്തിനുള്ളില്‍ അഞ്ചംഗസംഘം വീണ്ടും വീട്ടിലെത്തി യുവതിയെ യാഗശാലയിലേക്കു വലിച്ചിഴച്ചുകൊണ്ടു പോയി. അവിടെവച്ചാണു തീകൊളുത്തി കൊന്നത്. ചുട്ടുകൊല്ലുന്നതിന് മുമ്പ് പ്രാണരക്ഷാര്‍ഥം പൊലീസിനെ ഫോണ്‍ ചെയ്‌തെങ്കിലും മറുപടി ലഭിച്ചില്ലെന്നു ഭര്‍ത്താവ് പരാതിപ്പെട്ടു. പീഡനത്തിനിരയായ യുവതി ബന്ധുവുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ നിന്നും പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് മുഖ്യതെളിവാക്കിയെടുത്ത് എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം.

മഹാവീര്‍, കുമാര്‍പാല്‍, ചരണ്‍ സിങ്, ഗുല്ലു, അരം സിങ്  എന്നിവരാണ് സംഭവത്തിനു പിന്നിലെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പീഡിപ്പിച്ചവര്‍ ഏതാനും മാസങ്ങളായി യുവതിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു. ഇത് യുവതി പരാതിയായി പറഞ്ഞിട്ടും യു പി പോലീസില്‍ നിന്നും നടപടികളൊന്നും ഉണ്ടായില്ല. പ്രദേശവാസികളായ പ്രതികള്‍ക്കെതിരെ ഐപിസി 376ഡി, 302, 201, 149 വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ നീക്കം. നേരത്തെ തന്നെ പോലീസ് നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഈ പാതകം ഒഴിവാക്കാമായിരുന്നുവെന്നാണ് പ്രദേശവാസികള്‍ അഭിപ്രായപ്പെടുന്നത്.

15-Jul-2018