ക്രൊയേഷ്യയുടെ വലയില്‍ ഫ്രഞ്ച് വിപ്ലവം
അഡ്മിൻ
റഷ്യ : കേരളത്തില്‍ പെരുമഴ പെയ്തിറങ്ങുമ്പോള്‍ മോസ്കോയില്‍ ഗോള്‍മഴയായിരുന്നു വലയിറങ്ങിയത്. കാല്‍പ്പന്ത് കളിയുടെ എല്ലാ വശ്യതയും കരകവിഞ്ഞൊഴുകിയ ഫുട്ബോള്‍ പ്രളയത്തിന് പരിസമാപ്തി കുറിക്കുമ്പോള്‍ ഫ്രാന്‍സ് ലോകകപ്പുയര്‍ത്തി, ലോകത്തിന് മുന്നില്‍ നെഞ്ചുയര്‍ത്തി. ഇത് രണ്ടാം തവണയാണ് ഫ്രാന്‍സ് ഫുട്ബോള്‍ ലോകകപ്പില്‍ മുത്തമിടുന്നത്. പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ ചുണക്കുട്ടികളെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സ് മുട്ടുകുത്തിച്ചത്. ആദ്യപകുതിയില്‍ ഫ്രാന്‍സ് 2-1ന് മുന്നിലായിരുന്നു. ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സൂകിച്ചിന്റെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ പെനാല്‍ട്ടി ഗോളിലൂടെ അന്റോയിന്‍ ഗ്രീസ്മനും തുടര്‍ന്ന് പോള്‍ പോഗ്ബയും അവസാനം കിലിയന്‍ എംബപെയും ഫ്രാന്‍സിന് വേണ്ടി ക്രൊയേഷ്യന്‍ വലകുലുക്കി. ക്രൊയേഷ്യയുടെ വീരപരിവേഷമുള്ള ഗോളുകള്‍ നേടിയത് ഇവാന് പെരിസിച്ചും മരിയോ മാന്സൂക്കിച്ചുമായിരുന്നു.
മല്‍സരം കൈവിട്ടെങ്കിലും ആരാധകരുടെ ഹൃദയം കവര്‍ന്ന പ്രകടനത്തോടെയാണ് മോഡ്രിച്ചിന്റെയും സംഘത്തിന്റെയും മടക്കം. ഈ കിരീടനേട്ടത്തോടെ മരിയോ സഗല്ലോ (ബ്രസീല്‍), ഫ്രാന്‍സ് ബെക്കന്‍ബോവര്‍ (ജര്‍മനി) എന്നിവര്‍ക്കുശേഷം കളിക്കാരനായും പരിശീലകനായും ലോകകപ്പ് കിരീടം നേടുന്ന ആദ്യ വ്യക്തിയെന്ന നേട്ടം ഫ്രഞ്ച് പരിശീലകന് ദിദിയെ ദെഷാമിനും സ്വന്തം. 1958 ലോകകപ്പിനുശേഷം മുഴുവന്‍ സമയത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന ഫൈനല്‍ കൂടിയായി ഇത്. 1974നു ശേഷം ലോകകപ്പ് ഫൈനലിന്റെ ആദ്യപകുതിയില്‍ മൂന്നു ഗോള്‍ പിറക്കുന്നത് ആദ്യം. 1998നുശേഷം ലോകകപ്പ് ഫൈനലിലാകെ മൂന്നു ഗോളുകള്‍ പിറക്കുന്നതും ആദ്യം.
ഗോള്‍ പിറന്ന കാലങ്ങള്‍ : 18–ാം മിനിറ്റിലാണ് ക്രൊയേഷ്യയുടെ ബോക്സിനു തൊട്ടുവെളിയില്‍ അന്റോയിന്‍ ഗ്രീസ്മനെ ബ്രോസോവിച്ച് വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍നിന്ന് ഗോളിലേക്കെത്തിയ നീക്കത്തിന്റെ തുടക്കം. ബോക്സിലേക്ക് ഗ്രീസ്മന് ഉയര്‍ത്തിവിട്ട പന്ത് മാന്‍സൂക്കിച്ചിന്റെ തലയില്‍ത്തട്ടി വലയിലേക്ക്. ക്രൊയേഷ്യന്‍ ഗോളി സുബാസിച്ചിന് ഒന്നും ചെയ്യാനാകുന്നില്ല. സ്കോര്‍ 1-0 10 മിനിറ്റ് കഴിയുമ്പോഴേക്കും ലീഡ് നേടിയ ഫ്രാന്‍സിനെ ക്രൊയേഷ്യ പിടിച്ചുകെട്ടി. 28–ാം മിനിറ്റില്‍ ഡെമഗോജ് വിദയില്‍നിന്ന് ലഭിച്ച പന്തിനെ വഴക്കിയെടുത്ത് ഇവാന് പെരിസിച്ചിന്റെ സുന്ദരന്‍ വോളി. ഫ്രഞ്ച് ക്യാപ്റ്റന്‍ കൂടിയായ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിനെ അമ്പരപ്പിച്ച് പന്ത് ഫ്രഞ്ച് വലയില്‍. സ്കോര്‍ 1-1. ദൗര്‍ഭാഗ്യത്തിന്റെ ദിനം കൂടിയായിരിക്കണം ഇന്ന് ക്രൊയേഷ്യക്ക്. അവര്‍ക്ക് വിനയായി വി എ ആര് സാക്ഷിയായി. ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ തടയാനുള്ള ശ്രമത്തില്‍ പെരിസിച്ച് പന്ത് കൈകൊണ്ട് തടഞ്ഞതായി റഫറി വിധിച്ചു. പെനാല്‍ട്ടി കിക്കെടുത്ത ഫ്രാന്‍സിന്റെ അന്റോയിന്‍ ഗ്രീസ്മന് അനായാസം ലക്ഷ്യം കണ്ടു. ്കോര്‍ 2-1. 59–ാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡ് വര്‍ധിപ്പിച്ചു. സമനില ഗോളിനായുള്ള ക്രൊയേഷ്യയുടെ സര്‍വശ്രമങ്ങളുടെയും മുനയൊടിച്ച് ഫ്രാന്‍സ് മുന്നേറി. ക്രൊയേഷ്യന്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് അന്റോയ്ന്‍ ഗ്രീസ്മന്. ഗ്രീസ്മന്റെ പാസില്‍ പോഗ്ബയുടെ ആദ്യഷോട്ട് ഡിഫന്‍ഡറുടെ ദേഹത്തു തട്ടി തെറിക്കുന്നു. റീബൗണ്ടില്‍ പോഗ്ബയുടെ ഇടംകാലന്‍ ഷോട്ട് സുബാസിച്ചിന്റെ പ്രതിരോധം തകര്‍ത്ത് വലയില്‍ സുരക്ഷിതം. സ്കോര്‍ 3-1. 'കിടിലന്‍' എംബാപ്പെയുടെ തര്പ്പന് ഷോട്ട് പിറന്നത് 65–ാം മിനിറ്റില്‍. ലൂക്കാസ് ഹെര്‍ണാണ്ടസിന്റെ തകര്‍പ്പന്‍ മുന്നേറ്റത്തിനൊടുവില്‍ പന്ത് കിലിയന്‍ എംബാപ്പയിലേക്ക്. സമയമൊട്ടും പാഴാക്കാതെ എംബാപ്പെയുടെ കിടിലന്‍ ഫിനിഷിങ്. ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ സുബാസിച്ചിന് അനങ്ങാന്‍ സാധിച്ചില്ല. സ്കോര്‍ 4-1. പക്ഷെ, പതറിയില്ല ക്രൊയേഷ്യ. നാലു മിനിറ്റിനുള്ളില്‍ അവര്‍ തിരിച്ചടിച്ചു. ഫ്രഞ്ച് ക്യാപ്റ്റന്‍ കൂടിയായ ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ പിഴവില്‍ നിന്നും ഒരു ഗോള്‍. ബാക് പാസായി വന്ന പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ താമസം വരുത്തിയ ലോറിസ് വലിയ പിഴ നല്‍കേണ്ടി വരുന്നു. മാന്‍സൂകിച്ചിന്റെ പാദങ്ങളില്‍ നിന്നും ഒരു ഗോള്‍ വിരിഞ്ഞു. സ്കോര്‍ 2-4. തുടര്‍ന്ന് ഫ്രാന്‍സിന്റെ ഗോള്‍മുഖത്ത് കൂട്ടപ്പൊരിച്ചിലുകള്‍. എത്രയെത്ര മുന്നേറ്റങ്ങള്‍. കാണികള്‍ ഗോള്‍, ഗോള്‍ എന്ന് ആര്‍ത്ത് വിളിച്ച സുന്ദര സമ്മോഹന നിമിഷങ്ങള്‍. സോഷ്യല്‍മീഡിയയില്‍ അവസാന നിമിഷങ്ങളില്‍ വരെ ക്രൊയേഷ്യ തിരിച്ചുവരുന്നു എന്ന പ്രതീക്ഷകള്‍, ആഗ്രഹങ്ങള്‍. പക്ഷെ, കളിച്ചുകയറിയ ക്രൊയേഷ്യ തോറ്റുമടങ്ങി. വിജയം ഫ്രാന്‍സിന്റെ കൈകളിലേക്ക് ചാര്‍ത്തിക്കൊടുത്ത് റഫറിയുടെ നീണ്ട വിസില്‍ മുഴങ്ങി. തലയുയര്‍ത്തിയാണ് അവര്‍, ക്രൊയേഷ്യ നിന്നത്. പക്ഷെ, ലോകകപ്പ് ഫ്രാന്‍സിന്റെ കൈയ്യിലായിരുന്നു.
15-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ