എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് പോലീസ് കസ്റ്റഡിയില്‍

എറണാകുളം : മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ എസ് ഡി പി ഐ നേതാക്കള്‍ അറസ്റ്റില്‍. കൊച്ചിയില്‍ പത്രസമ്മേളനത്തിന് ശേഷം പുറത്തിറങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഭിമന്യു വധത്തില്‍ വിശദീകരണം നല്‍കുന്നതിനാണ് എസ് ഡി പി ഐ നേതാക്കള്‍ പത്രസമ്മേളനം വിളിച്ചത്.

സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് വി.കെ ഷൗക്കത്തലി എന്നിവരും ഇവര്‍ വന്ന മൂന്നു വാഹനങ്ങളുടെ െ്രെഡവര്‍മാരുമാണ് അറസ്റ്റിലായത്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഒന്നിന് പുലര്‍ച്ചെ ഒന്നരയ്ക്കാണ് അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്.

അതേസമയം നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ച് 17-07-2018 (ചൊവ്വ) രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണിവരെ എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പാല്‍, പത്രം, ആശുപത്രി എന്നിവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


16-Jul-2018