പാലാരിവട്ടം മേൽപ്പാലം അഴിമതി: കരാർ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തി
അഡ്മിൻ
കൊച്ചി പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ച ആര്‍ ഡി എസ് പ്രൊജക്ട്കരാർ കമ്പനി കരിമ്പട്ടികയിൽ. നിർമാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് കമ്പനിയെ കരിമ്പട്ടികയിലാക്കി ഉത്തരവിറക്കിയത്. സംസ്ഥാന പൊതുമരാമത്ത് സൂപ്രണ്ടിംഗ് എഞ്ചിനീയറുടേതാണ് നടപടി. കമ്പനിക്കുണ്ടായിരുന്ന എ ക്ലാസ് ലൈസൻസ് റദ്ദാക്കി. അഞ്ച് വർഷം സംസ്ഥാന സർക്കാറിന്റെ ടെണ്ടറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് കമ്പനിക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തു.
മേൽപ്പാലം നിർമ്മാണ അപാകത പരിഹരിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്പനിയുടെ പേരിലോ ബിനാമി പേരിലോ അടുത്ത അഞ്ച് വർഷത്തേക്ക് ടെണ്ടറുകളിൽ പങ്കെടുക്കാനാവില്ല.
41.27 കോടി രൂപയ്ക്ക് 2014 ലാണ് പാലാരിവട്ടത്ത് മേല്‍പ്പാലം നിര്‍മ്മാണം ആരംഭിച്ചത്. 2016 ഒക്ടോബര്‍ 12 ന് പാലം തുറന്നുകൊടുത്തു. നിര്‍മ്മാണത്തില്‍ പ്രശ്‌നം ഉണ്ടായാല്‍ 3 വര്‍ഷം കമ്പനിയുടെ ഉത്തരവാദിത്വത്തില്‍ തകരാര്‍ പരിഹരിക്കണമെന്ന് കരാര്‍ വ്യവസ്ഥയുണ്ടായിരുന്നു. 2019ല്‍ പാലത്തില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയെങ്കിലും ആര്‍ഡിഎസ് ഇത് പരിഹരിക്കാന്‍ തയ്യാറായില്ല.
ഡിഎംആർസിയുടെ സേവനം ഉപയോഗിച്ചാണ് പാലാരിവട്ടം മേൽപ്പാലം ഗതാഗത യോഗ്യമാക്കിയത്. ഈ നടപടികൾ സംസ്ഥാന സർക്കാരിന്റെ കോടികളുടെ അധിക ബാധ്യത ഉണ്ടാക്കിയിരുന്നു. കരാർ ലംഘനവും പദ്ധതിയിൽ നടന്നുവെന്നും കമ്പനിക്കെതിരായ ഉത്തരവിൽ പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കുന്നു.