ആനി രാജയ്‌ക്കെതിരായ നടപടിയിൽ പ്രതികരണവുമായി ബിനോയ് വിശ്വം
അഡ്മിൻ
മണിപ്പൂർ കലാപത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ബിനോയ് വിശ്വം എംപി. വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടും. കണ്ട കാര്യം ആനി രാജ പറഞ്ഞു. ജനാധിപത്യത്തിൽ വസ്തുതകൾ വിളിച്ചുപറയുന്നത് കുറ്റകൃത്യമായി മാറുകയാണെങ്കിൽ, അതിനെ കുറ്റകരമാക്കുന്ന സർക്കാരിനെതിരെ ജനരോഷം ഉയരുമെന്നും അദ്ദേഹം 24-നോട് പറഞ്ഞു.
സത്യത്തെയും നീതിയെയും ജനങ്ങളെയും ഭയപ്പെടുന്ന ഒരു സർക്കാരാണ് രാജ്യം ഭരിക്കുന്നത്. സർക്കാരിന്റെ ഭാഗത്ത് തെറ്റ് മാത്രമേയുള്ളൂ എന്ന ആത്മബോധമാണ് ഇതിന് കാരണം. സമാധാനപരമായി ജീവിച്ചിരുന്ന മണിപ്പൂർ ജനതയെ തമ്മിൽ തല്ലിച്ച് കലക്കവെള്ളത്തിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന പാർട്ടിയാണ് ബിജെപി. ഇതിന്റെയെല്ലാം നേതാവ് നരേന്ദ്ര മോദിയാണ്. സംഘർഷം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മണിപ്പൂർ എന്ന വാക്ക് മോദിക്ക് അറിയില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
ബിജെപി ജനങ്ങളുടെയോ രാജ്യത്തിന്റെയോ പാർട്ടിയല്ല. മണിപ്പൂരിന്റെ വിഭവ സമ്പത്ത് കൊള്ളയടിക്കാൻ ശ്രമിക്കുന്ന കോർപ്പറേറ്റ് കൊള്ളക്കാരുടെ താൽപര്യം സംരക്ഷിക്കുന്ന നയമാണ് ബിജെപി സ്വീകരിക്കുന്നത്. സർക്കാരിന്റെ നാണംകെട്ട നാടകത്തിന്റെ ഫലമാണ് മണിപ്പൂർ സംഘർഷമെന്നും ബിനോയ് വിശ്വം ആരോപിച്ചു.