ഉത്തരേന്ത്യയില്‍ മഴക്കെടുതികളും പ്രളയഭീഷണിയും തുടരുന്നു

ത്തരേന്ത്യയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴക്കെടുതികളും പ്രളയഭീഷണിയും ഒഴിഞ്ഞിട്ടില്ല. പഞ്ചാബും, ഹരിയാനയും അടക്കമുള്ള സംസ്ഥാനങ്ങളില്‍ പ്രളയഭീഷണി ഇപ്പോഴും തുടരുകയാണ്. കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പഞ്ചാബില്‍ 11 ഉം ഹരിയാനയില്‍ 7 ഉം ആയി. പഞ്ചാബില്‍ 10,000 പേരെ സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റി. ഏറ്റവും കൂടുതല്‍ നാശനഷ്ടം പട്യാല ജില്ലയിലാണ്.ഹരിയാനയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. പാത തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ കല്‍ക്ക-ഷിംല റെയില്‍പാതയില്‍ 16 വരെ ഗതാഗതം നിര്‍ത്തിവച്ചു.

ഡല്‍ഹിയില്‍ യമുന നദി റെക്കോര്‍ഡ് ജലനിരപ്പിലേക്കുയര്‍ന്നു. കഴിഞ്ഞദിവസം ഉച്ചയോടെ ഇത് 207.55 മീറ്ററായി, ഇതോടെ 1978 ലെ 207.49 മീറ്റര്‍ എന്ന റെക്കോര്‍ഡ് കടന്നു. ജലനിരപ്പ് ഇനിയും ഉയരുമെന്നാണു മുന്നറിയിപ്പ്. ഏതുസാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്ന് ഡല്‍ഹി ജലമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. അപകട പരിധിയായ 206 മീറ്റര്‍ കവിഞ്ഞതോടെ നദീതീരത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും പഴയ റെയില്‍വേ പാലം അടച്ചിടുകയും ചെയ്തു.

ഹിമാചല്‍പ്രദേശില്‍ കുളു- മണാലി റോഡ് തുറന്നതോടെ കുടുങ്ങിക്കിടന്ന 2,000 വാഹനങ്ങള്‍ കടത്തിവിട്ടു. കസോളില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. 873 റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. വരുന്ന 2 ദിവസം കൂടി ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

13-Jul-2023