കോടതിയലക്ഷ്യ കേസിൽ നിപുണ്‍ ചെറിയാന് ശിക്ഷ വിധിച്ച് ഹൈക്കോടതി
അഡ്മിൻ
കോടതിയലക്ഷ്യ കേസില്‍ വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന് നല് മാസം വെറും തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് ഹൈക്കോടതി. ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് ഹൈക്കോടതിയുടെ വിധി.
കോടതിയലക്ഷ്യ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിപുണ്‍ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ ശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ 25ന് ചെല്ലാനത്ത് വച്ചുനടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെയാണ് കേസ്. ജഡ്ജി അഴിമതിക്കാരനാണെന്ന ആരോപണം ജുഡീഷ്യറിയുടെ അന്തസിനെ ബാധിച്ചെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
നിരുത്തരവാദപരമായ പരാമര്‍ശങ്ങളാണ് നിപുണ്‍ ചെറിയാനില്‍ നിന്നുമുണ്ടായത്. വിവാദ പ്രസംഗത്തില്‍ നിപുണ്‍ പരിധികള്‍ ലംഘിച്ചുവെന്നും കോടതി പറഞ്ഞു. വിദ്യാസമ്പന്നരായ ആളുകള്‍ കോടതിയലക്ഷ്യം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വിമര്‍ശിച്ചു. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം തള്ളിയശേഷം ജയിലില്‍ കിടന്നുകൊണ്ട് സുപ്രിംകോടതിയെ സമീപിക്കാമല്ലോ എന്നും കോടതി പറഞ്ഞു.