സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: മന്ത്രി കെ എന്‍ ബാലഗോപാല്‍

പൊതുജനാരോഗ്യരംഗത്ത് സംസ്ഥാനം മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കുളക്കട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ലോക ജനസംഖ്യ ദിനാചരണം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യസൂചികയില്‍ കേരളത്തിന്റേത് ഏറ്റവും മികച്ച മുന്നേറ്റമാണ്.

ജനസംഖ്യാനുപാതിതമായി മനുഷ്യവിഭവശേഷി നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തേണ്ടത് അനിവാര്യമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ കാര്യക്ഷമമായി വിനിയോഗിക്കാന്‍ യുവതലമുറയ്ക്ക് സാധിക്കണം. ആരോഗ്യ-വിദ്യാഭ്യാസ വികസന രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ദേവ് കിരണ്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ കെ ബി ശ്രീകാന്ത് എന്നിവരുടെ നേതൃത്വത്തില്‍ 'ജനസംഖ്യാപക്ഷാചരണത്തിന്റെ പ്രാധാന്യവും കുടുംബക്ഷേമ മാര്‍ഗങ്ങളും' വിഷയത്തില്‍ സെമിനാര്‍ നടത്തി. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഹര്‍ഷകുമാര്‍ അധ്യക്ഷനായി.

13-Jul-2023