ഹിമാചലില്‍ കുടുങ്ങിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തി

ഹിമാചലില്‍ കുടുങ്ങിയ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തി. പ്രത്യേക ബസിലാണ് ഇവര്‍ ഡല്‍ഹിയിലെത്തിയത്. എറണാകുളം കളമശേരി മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് എത്തിയത്.

കഴിഞ്ഞ മാസം 27നാണ് വിദ്യാര്‍ഥികള്‍ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ഹിമാചലിലേക്ക് പോയത്. മിന്നല്‍ പ്രളയമുണ്ടായതോടെയാണ് മണാലിയില്‍ 27 മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിയത്. കേരള ഹൗസിലെത്തിയ വിദ്യാര്‍ഥികളുമായി കൃഷി മന്ത്രി പി പ്രസാദ് സംസാരിച്ചു.

തൃശൂരില്‍ നിന്നുള്ള 18 മെഡിക്കല്‍ വിദ്യാര്‍ഥികളും ഹിമാചലില്‍ കുടുങ്ങിയിരുന്നു. ഇവരും ഇന്ന് തന്നെ ഡല്‍ഹിയിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പി പ്രസാദ് പറഞ്ഞു.തൃശൂരിലെ വിദ്യാര്‍ഥികള്‍ കൂടി എത്തിയാല്‍ വിദ്യാര്‍ഥികളെ കേരളത്തിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ചെയ്യും. വിദ്യാര്‍ഥികളുടെ ട്രാവല്‍ എജന്റ്സ് മുഖേനെയോ അല്ലെങ്കില്‍ സര്‍ക്കാര്‍ നേരിട്ടോ ഇക്കാര്യം ചെയ്യും.

എട്ടാം തിയ്യതി മുതല്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികളില്‍ ആണ്‍കുട്ടികളെ ഫോണില്‍ ലഭ്യമായിരുന്നില്ല. കയ്യില്‍ പണമില്ലാത്തതിനാല്‍ ഇവര്‍ പട്ടിണി കിടക്കേണ്ടി വന്നിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹി പ്രതിനിധി കെ.വി തോമസാണ് വിദ്യാര്‍ഥികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

14-Jul-2023