സൈബർ കേഡർ രൂപീകരിച്ച് കേരള പോലിസ്

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സൈബർ കേഡർ രൂപീകരിച്ച് കേരള പോലിസ്. ടെലികമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ സാങ്കേതിക മികവു പുലർത്തുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സൈബർ കേഡർ രൂപീകരിച്ചത്. ടെലികമ്മ്യൂണിക്കേഷനിലെ മൂന്നിലൊന്നു വരുന്ന ഉദ്യോഗസ്ഥർക്ക് ഇതിന്റെ ഭാഗമായി പരിശീലനം നൽകും. ശേഷം ഇവരെ സൈബർ സെല്ലുകളിലും സൈബർ ഡോമിലും നിയോഗിക്കും.

സൈബർ സേനയിലേക്കുള്ള ആളുകളെ തിരഞ്ഞെടുക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്കും ടെലികമ്മ്യൂണിക്കേഷൻ എസ്പിക്കും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. പരിശീലനത്തിനുള്ള കരട് കരിക്കുലം സൈബർ ഓപ്പറേഷൻസ് എസ്പി തയ്യാറാക്കിയിട്ടുണ്ട്. പരിശീലന ഷെഡ്യൂളും അധ്യാപകരെയും കേരള പൊലീസ് അക്കാദമി ഡയറക്ടർ തീരുമാനിക്കും. 100 പേരുള്ള ബാച്ചുകൾക്കാണ് പരിശീലനം നൽകുക.

ആദ്യബാച്ചിന്റെ പരിശീലനം ജൂലൈ മൂന്നാം വാരം തുടങ്ങും. പരിശീലനത്തിന് ആവശ്യമായ സോഫ്റ്റുവെയർ അടക്കമുള്ള കാര്യങ്ങൾ സജ്ജമാക്കാൻ ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. സൈബർ ഓപ്പറേഷൻ ഐജിയുടെ മേൽനോട്ടത്തിലായിരിക്കും പരിശീലനം. പരീശീലനത്തിന്റെ പുരോഗതിയും സ്വീകരിച്ച നടപടികളും പൊലീസ് ആസ്ഥാനത്ത് അറിയിക്കാനും നിർദേശമുണ്ട്.

 

14-Jul-2023