മാധ്യമ പ്രവർത്തനം ഇന്ന് കുത്തക ബിസിനസായി പരിണമിച്ചു: എം സ്വരാജ്

അടച്ചുപൂട്ടപ്പെട്ട പത്രങ്ങളുടെ, നാടുകടത്തിയ, ജയിലിലടയ്‌ക്കപ്പെട്ട പത്രാധിപന്മാരുടെ ചരിത്രമാണ് ലോകമെമ്പാടുമുള്ള പത്രമാധ്യമങ്ങളുടെ ചരിത്രം. എന്നാലിന്ന് മാധ്യമപ്രവർത്തനം എന്നത് സാമൂഹ്യ പരിഷ്കരണത്തിന്റെയും ദേശീയ വിമോചനത്തിന്റെയും നവോത്ഥാനത്തിന്റെയും മുന്നണി പോരാളി എന്നതിൽനിന്ന് വഴുതിമാറി കുത്തക ബിസിനസായി പരിണമിച്ചുവെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റം​ഗം എം സ്വരാജ്‌ പറഞ്ഞു. സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സാംസ്കാരിക വിഭാഗം രചന സംഘടിപ്പിച്ച ‘മാധ്യമങ്ങളുടെ ഇടതുപക്ഷ വേട്ട’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോർപറേറ്റുകൾ നിയന്ത്രിക്കുന്ന, വൻതോതിൽ മൂലധനം ഒഴുകിയെത്തുന്ന ബിസിനസാണ് വർത്തമാനകാല മാധ്യമരംഗം. ഇടതുവിരുദ്ധ മനോഭാവമാണ് ഈ മാധ്യമങ്ങളുടെയെല്ലാം ലോകമെമ്പാടുമുള്ള പൊതുസ്വഭാവം. കേരളത്തിൽ മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമടക്കമുള്ള മാധ്യമങ്ങൾ ഇടതുവിരുദ്ധ സമീപനമാണ് പിന്തുടരുന്നത്. ഇന്ത്യയുടെ ബഹുസ്വരതയും മതനിരപേക്ഷതയും തകർക്കുന്ന സംഘപരിവാർ നിലപാടുകൾക്ക് എതിരെ ശബ്ദമുയർത്താൻ കുത്തക മാധ്യമങ്ങൾക്ക് ധൈര്യമില്ല.

മാധ്യമപ്രവർത്തകർ മാനേജ്മെന്റ് താൽപ്പര്യങ്ങൾ പ്രതിഫലിപ്പിക്കുകയാണ്. എന്നാൽ, മാധ്യമങ്ങളുടെ ഇടതുപക്ഷ വേട്ട ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും മാധ്യമങ്ങൾ വിരിച്ചിടത്ത് കിടക്കാൻ കേരളത്തിലെ ജനങ്ങളെ കിട്ടില്ലെന്നും എം സ്വരാജ് പറഞ്ഞു. സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് പി ഹണി അധ്യക്ഷനായി. രചന കൺവീനർ എസ് ബിനു സ്വാഗതവും ജോയിന്റ് കൺവീനർ കെ എസ് വിമൽ നന്ദിയും പറഞ്ഞു.

14-Jul-2023