നവതിയുടെ നിറവിൽ എംടി

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർക്ക് ഇന്ന് നവതി. മലയാള ഭാഷയെയും മലയാളിയുടെ ഭാവനയെയും പരിപോഷിപ്പിച്ച തൊണ്ണൂറു വർഷങ്ങളാണ് കടന്നുപോയത്. ആസ്വാദകർക്ക് വായനയുടെ പുതു വാതായനങ്ങൾ തുറന്നിട്ട് ഭാഷയുടെ തറവാട്ട് മുറ്റത്ത് വിഹരിക്കുന്ന എം ടി ഇന്നും ഊർജസ്വലനാണ്.

ദാരിദ്ര്യം കാർന്ന് തിന്ന പുന്നയൂർകുളത്തേയും കൂടല്ലൂരെയും ബാല്യകാലമാണ് എംടിക്കുള്ളത്. വിക്ടോറിയ കോളജിന്റെ പൈതൃക മുറ്റത്തു നിന്നും രസതന്ത്രത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ച് അധ്യാപനത്തിന്റെ വഴി തെരഞ്ഞെടുത്തപ്പോളും സർഗാത്മകതയുടെ ലോകത്തോട് വല്ലാത്ത അഭിനിവേശമായിരുന്നു എംടിക്ക്. പത്രപ്രവർത്തനം എംടിക്ക് സാഹിത്യത്തോട് അടുക്കാനുള്ള മറ്റൊരു മാർഗമായിരുന്നു. എഴുത്തുകാരനായി ചുവടു വച്ച് പിന്നീട് ചലച്ചിത്ര മേഖലക്ക് എംടി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

കഥാപാത്രങ്ങളുടെ തെരെഞ്ഞെടുപ്പും സൃഷ്ടിയും എംടി നടത്തുന്നത് തികച്ചും അവിശ്വസനീയമായ രീതിയിലാണ്. തിരസ്‌കരിക്കപ്പെട്ടവരും, എല്ലാം നഷ്ടപ്പെടുന്നവരും എല്ലായ്‌പ്പോഴും ആ തൂലികക്ക് വിഷയമായി. മലയാളിയുടെ കുടുംബ – വൈവാഹിക ജീവിതങ്ങളെ വരച്ചിട്ട മൂന്നു പ്രധാന നോവലുകൾ ഉണ്ടായിട്ടുണ്ട് എംടിയിൽ നിന്ന്. ജാതി ഭ്രാന്തിന്റെ കാലത്തെ വെല്ലുവിളിച്ച അസുരവിത്ത്, ക്ഷയിച്ചു തുടങ്ങിയ തറവാട്ട് വീടിന്റെ കഥകൾ പറഞ്ഞ നാലുകെട്ട് , സേതുവിന്റെ യൗവത്തിലൂടെ സഞ്ചരിച്ച കാലം…ഇങ്ങനെ നീളുന്നു മലയാളികൾ നെഞ്ചോടടുക്കിയ എംടി പ്രമേയങ്ങൾ. മഹാഭാരതത്തെ ഭീമന്റെ കാഴ്ചപ്പാടിലൂടെ നോക്കിക്കണ്ട രണ്ടാമൂഴം നിരവധി ആസ്വാദകർക്ക് ജീവിതത്തിൽ പുതു പ്രതീക്ഷകൾ നൽകി.

മനുഷ്യ മനസ്സുകളുടെ സങ്കീർണതകളെ കീറിമുറിച്ച ഒരു എഴുത്തുകാരൻ ഉണ്ടായിട്ടുണ്ടെങ്കിൽ അതിലൊരാളാണ് എം ടി. മനസ്സിന്റെ ആഴക്കയങ്ങളിൽ അപൂർവമായ അന്വേഷണങ്ങൾ നടത്തിയിട്ടുള്ള നിരവധി രചനകൾ അദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്.സ്വയം കഥാപാത്രമായി രൂപാന്തരപ്പെട്ട് എംടി എഴുതിയ പല കഥകളും നമ്മെ കരയിപ്പിച്ചു. ഓപ്പോളും നിന്റെ ഓർമക്കും ആ ഗണത്തിൽപ്പെടുന്നവയാണ് .

1963-64 കാലത്ത് സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈ മേഖലയിൽ ദേശീയപുരസ്കാരം ലഭിച്ചു.

ഇതുകൂടാതെ ‘കാലം’(1970-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്), ‘രണ്ടാമൂഴം’ (1985-വയലാർ അവാർഡ് , വാനപ്രസ്ഥം (ഓടക്കുഴൽ അവാർഡ്), എന്നീ കൃതികൾക്കും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടു്. കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്കും ദേശീയപുരസ്കാരം ലഭിച്ചു. 2005 -ലെ മാതൃഭൂമി പുരസ്കാരവും എം.ടിക്ക് തന്നെയായിരുന്നു.രണ്ടാമൂഴം എന്ന നോവൽ സിനിമയാക്കുന്നതിന് വേണ്ടിയുള്ള തിരക്കഥ രചനയും മറ്റും നടത്തിയെങ്കിലും സംവിധാനം ചെയ്യാമെന്നേറ്റ ശ്രീകുമാർ മേനോനുമായുള്ള കോടതി വ്യവഹാരത്തിൽ പദ്ധതി നിർത്തി വെച്ചിരിക്കുകയാണ്

1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക്‌ ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി . പദ്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളസംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌‍ക്കാരമായ പ്രഥമ കേരളജ്യോതി പുരസ്‌‍ക്കാരം എം ടിക്ക് ലഭിച്ചു.

15-Jul-2023