വെള്ളപ്പൊക്കം: ഡല്‍ഹിയിലെ 33 അഭയകേന്ദ്രങ്ങളിലായി അഭയം പ്രാപിച്ചത് 7371 പേര്
അഡ്മിൻ
രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യവും പ്രധാന പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തില്‍ നഗരത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. സിറ്റി പഹര്‍ഗഞ്ച് സോണ്‍, സെന്‍ട്രല്‍ സോണ്‍, സിവില്‍ ലൈന്‍സ് സോണ്‍, ഷഹ്ദാര നോര്‍ത്ത് സോണ്‍, ഷഹ്ദാര സൗത്ത് സോണ്‍ എന്നിങ്ങനെ അഞ്ച് സോണുകളിലായി വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ താമസക്കാര്‍ക്കായി മുനിസിപ്പല്‍ കോര്പ്പറേഷന് ഓഫ് ഡല്‍ഹി (എംസിഡി) 33 ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തുന്നുണ്ട്.
നിലവില്‍ 7,371 പൗരന്മാര് ഈ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ഈ ദുരിതാശ്വാസ ഷെല്‍ട്ടറുകളിലെ ക്രമീകരണങ്ങള്‍ക്കായി എംസിഡി നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്. അതില്‍ 22 മണിക്കൂറും ശുചീകരണ തൊഴിലാളികളുടെ വിന്യാസം, സൗജന്യ മരുന്നുകള്‍, സൗജന്യ കുടിവെള്ളം, ഭക്ഷണം എന്നിവ ഉള്‍പ്പെടുന്നു.
എംസിഡിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഉള്‍പ്പെടെ എല്ലാ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ദുരിതാശ്വാസ ക്യാമ്പുകളുടെ ലൊക്കേഷനും നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പറുകളും സംബന്ധിച്ച വിശദാംശങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്കൂളുകളില്‍ ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുമെന്ന് ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്റോയ് വ്യാഴാഴ്ച അറിയിച്ചു.
ഗീത കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ ജനങ്ങളെയും അവര്‍ കണ്ടിരുന്നു. രോഗങ്ങള്‍ പടരാതിരിക്കാന്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ എംസിഡി മുഖേന കൊതുകുനിവാരണ മരുന്നുകള്‍ സ്പ്രേ ചെയ്യുന്നുണ്ടെന്ന് ഷെല്ലി ഒബ്റോയ് പറഞ്ഞു.