കോട്ടയം : മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കോട്ടയം വഴി കന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകാണ് റദ്ദാക്കിയത്. ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സപ്രസ്, കോട്ടയം-എറണാകുളം, എറണാകുളം -കോട്ടയം പാസഞ്ചര്‍, കൊല്ലം -എറണാകുളം മെമു, എറണാകുളം - കൊല്ലം മെമു തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മറ്റു ട്രെയിനുകള്‍ വേഗത കുറച്ചാണ് കോട്ടയം വഴി കടന്നുപോകുക.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. മധ്യകേരളത്തിലാണ് കൂടുതല്‍ മഴക്കെടുതികളുള്ളത്. 21 വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. തീരപ്രദേശത്തു കടല്‍ക്ഷോഭം തുടരുന്നു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനു സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, മുകുന്ദപുരം താലൂക്കുകളിലെയും തൃശൂര്‍ വെസ്റ്റ്, ചേര്‍പ്പ് എന്നീ ഉപവിദ്യാഭ്യാസ ജിലകളിലെയും പ്ലസ്ടു വരെയുള്ള സ്‌കൂളുകള്‍ക്കും (സിബിഎസ്ഇ, ഐസിഎസ്ഇ എന്നിവ ഉള്‍പ്പെടെ) 18നു ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഓഗസ്റ്റ് 4 പ്രവൃത്തി ദിനമായിരിക്കും. ചൊവ്വ രാത്രി മുതല്‍ മഴ തുടരുന്നതിനാല്‍ എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും കളക്ടര്‍ ഇന്ന് (ബുധന്‍) അവധി പ്രഖ്യപിച്ചു. അങ്കണവാടികള്‍ മുതല്‍ പ്ലസ് ടു തലം വരെ എല്ലാ സ്‌കൂളുകള്‍ക്കും അവധി ബാധകം. കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ പ്ലസ്ടു വരെയുള്ള സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.