അഭിമന്യു വധം ഒന്നാം പ്രതി മുഹമ്മദ്‌ പിടിയില്‍

എറണാകുളം : മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അറസ്റ്റില്‍. കൊലപാതകം ആസൂത്രണം ചെയ്ത ഗൂഡാലോചനയിലെ മുഖ്യ പങ്കാളിയാണ് മുഹമ്മദ്. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ക്യാമ്പസ്ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡണ്ടുമാണ് അറസ്റ്റിലായ മുഹമ്മദ്. ഇയാളുടെ അറസ്റ്റോടെ അഭിമന്യു വധത്തിന് പിന്നിലുള്ള ഉന്നതരുടെ പങ്കും വെളിച്ചത്ത് വരും. പോലീസിന്റെ നിര്‍ണായക നീക്കത്തിനൊടുവിലാണ് മുഹമ്മദ് പിടിയിലായത്. നാലുപേരെ കൂടി മുഹമ്മദിനൊപ്പം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മറ്റ് പ്രതികളുടെ അറസ്റ്റും ഉടന്‍ ഉണ്ടാവും.

കേരളത്തിനകത്ത് നിന്നുതന്നെയാണ് മുഹമ്മദിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചാണ് പോലീസ് മുഹമ്മദിനെ പിടികൂടിയത്. വിദേശത്തേക്ക് കടക്കാനുള്ള പദ്ധതിയുമായി മൂന്നുദിവസമായി പരിശ്രമിക്കുന്നുണ്ടെങ്കിലും പോലീസിന്റെ ജാഗ്രത നിമിത്തം പദ്ധതി മാറ്റിവെക്കുകയായിരുന്നു. പോപ്പുലര്‍ഫ്രണ്ട് നേതൃത്വം ഒരുക്കി കൊടുത്ത ഒളിവുകേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മുഹമ്മദ് ഒളിവില്‍ കഴിഞ്ഞത്.

അഭിമന്യുവിനെയും അര്‍ജ്ജുനെയും വകവരുത്താനുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രൊഫഷണല്‍ കൊലപാതകസംഘത്തെ കോളേജ് ക്യാമ്പസിലേക്ക് വിളിച്ചുവരുത്തിയതും അഭിമന്യുവിനെ കാണിച്ചുകൊടുത്തതും മുഹമ്മദാണെന്ന് നേരത്തെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. അഭിമന്യുവിനോട് സ്‌നേഹം കാണിച്ച് കൊലപ്പെടുത്തിയ ദിവസം ക്യാമ്പസിലേക്ക് വിളിച്ചുവരുത്തിയതും ഇയാളാണെന്ന് സൂചനകളുണ്ട്. ''മഹാരാജാസ് അറ്റാക്ക്'' പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതൃത്വം ഒരാഴ്ച മുമ്പുതന്നെ പദ്ധതിയിട്ടതാണെന്നാണ് അന്വേഷണ സംഘം മനസിലാക്കുന്നത്. സംസ്ഥാനത്തെ മൂന്ന് ക്യാമ്പസുകളില്‍ ഇത്തരത്തിലുള്ള 'ഓപ്പറേഷന്‍'സ് പ്ലാന്‍ ചെയ്തിരുന്നു. തല്‍ക്കാലം പിന്‍മാറാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നിര്‍ദേശം കൊടുത്തതിനാലാണ് മറ്റ് ക്യാമ്പസുകളില്‍ അക്രമസംഭവങ്ങള്‍ നടക്കാതെ പോയത്. ഇത്തരത്തിലുള്ള കാര്യങ്ങളുടെ വിശദാംശങ്ങള്‍ പിടിയിലായവരില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.

അഭിമന്യു വധത്തില്‍ പങ്കാളികളായ ക്രിമിനലുകളെ ഒളിവില്‍ കഴിയുന്നതിന് സഹായിച്ചവരുടെ ഫോണ്‍ ഡീറ്റയില്‍സ് പോലീസിന് ലഭിച്ചിട്ടുണ്ട്. അതില്‍ മുസ്ലീം ലീഗിന്റെ ചില നേതാക്കളുമുണ്ടെന്നാണ് പ്രാഥമിക വിവരം.

18-Jul-2018