നടത്തിയത് ക്യാമ്പസ് ജിഹാദെന്ന് ഒന്നാം പ്രതി മുഹമ്മദ്‌

എറണാകുളം : മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത് മുന്‍കൂട്ടിയുള്ള തീരുമാനത്തിന്റെ ഭാഗമാണെന്ന് ഒന്നാം പ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. ചുവരെഴുത്തും പോസ്റ്റര്‍ പതിക്കലുമൊക്കെ തീരുമാനം നടപ്പിലാക്കാനുള്ള കാരണമാക്കി മാറ്റുകയായിരുന്നു. പല രീതികളില്‍ ശ്രമിച്ചിട്ടും ക്യാമ്പസ് ഫ്രണ്ടിന് മഹാരാജാസില്‍ വേണ്ടത്ര വേരോട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. എസ് എഫ് ഐക്കെതിരായി നില്‍ക്കുന്ന സംഘനകളുമായി കൂട്ടുകൂടി കോഴിക്കോട് മോഡല്‍ 'ഇന്‍ഡിപെന്‍ഡട്' മുന്നണിയുണ്ടാക്കുവാനുള്ള നീക്കവും ഫലം കണ്ടില്ല. മറ്റ് എസ് എഫ് ഐ നേതാക്കളില്‍ നിന്നും വിഭിന്നനായിരുന്നു അഭിമന്യു. മറ്റുള്ളവരെ കൂട്ടിയോജിപ്പിക്കാനും എതിര്‍പ്പുകളെ അനുകൂലഘടകമാക്കി മാറ്റാനുമുള്ള നേതൃശേഷി ഉണ്ടായിരുന്നു. അഭിമന്യു ഉണ്ടെങ്കില്‍ മഹാരാജാസില്‍ ക്യാമ്പസ് ഫ്രണ്ട് ഇനിയും പിറകിലേക്ക് പോകും. അക്കാരണങ്ങളെല്ലാം പോപ്പുലര്‍ഫ്രണ്ട് നേതൃത്വത്തെ ധരിപ്പിച്ചു. നേതൃത്വമാണ് കൊലപാതകത്തിനുള്ള തയ്യാറെടുപ്പുകളും സമയവും കണ്ടെത്താന്‍ നര്‍ദേശിച്ചത്. അഭിമന്യുവിനെയും അര്‍ജ്ജുനെയും കൊലപ്പെടുത്തിയാല്‍ സംസ്ഥാനത്താകെ എസ് എഫ് ഐ ഭയന്നുപിറകോട്ടുപോകുമെന്നാണ് പോപ്പുലര്‍ഫ്രണ്ട് കണക്കുകൂട്ടിയതെന്നും മുഹമ്മദ് അന്വേഷണ സംഘത്തോട് പറഞ്ഞു.

കണക്കുകൂട്ടിയ പ്രകാരം ക്യാമ്പസില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കുകയും എസ് ഡി പി ഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ വിവരമറിയിക്കുകയും ചെയ്തത് മുഹമ്മദാണ്. കൊലപാതകം നടന്ന ദിവസം പകല്‍ തന്നെ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടത്തി. എസ് എഫ് ഐ ബുക്ക് ചെയ്ത ചുവരില്‍ പോപ്പുലര്‍ ഫ്രണ്ട് തയ്യാറാക്കി നല്‍കിയ പോസ്റ്ററൊട്ടിച്ചു. അപ്പോള്‍ തര്‍ക്കമുണ്ടായി. അത് സംഘര്‍ഷത്തിലേക്കെത്താതെ നോക്കി. അപ്പോള്‍ അഭിനമന്യു കോളേജില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അഭിമന്യുവിന്റെ മൊബൈലില്‍ ബന്ധപ്പെട്ടു. ക്യാമ്പസ് ഫ്രണ്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ കൊണ്ടും അഭിമന്യുവിനെ വിളിപ്പിച്ചു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ മഹാരാജാസിലേക്ക് ഉടനെയെത്തണമെന്നാണ് അഭിമന്യുവിനോട് പറഞ്ഞതെന്നും മുഹമ്മദ് പറഞ്ഞു. അഭിമന്യു വരുമെന്ന് ഉറപ്പാക്കിയ ശേഷം രാത്രി എട്ട് മണിയോടെ എസ് ഡി പി ഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സഹായത്തോടെ മഹാരാജാസ് ക്യാമ്പസില്‍ കയറി വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കി. ആ സമയത്ത് കൂടുതല്‍ എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. അവരോടൊക്കെ തയ്യാറായിരിക്കാന്‍ മെസേജ് നല്‍കി. എസ് എഫ് ഐക്കാരുമായി നടത്തിയ കൈയ്യാങ്കളിക്കും വാക്കേറ്റത്തിനുമൊടുവില്‍ ഒന്നുകൂടി ക്യാമ്പസില്‍ നിന്നും പിന്‍മാറി. ആ സമയത്ത് അഭിമന്യുവിനെ വിളിച്ച് അവന്‍ എത്തുന്ന സമയം ഉറപ്പുവരുത്തി. അഭിമന്യു ക്യാമ്പസിലേക്കെത്തിയപ്പോള്‍, ഹോസ്റ്റലില്‍ നിന്നും ചുവരെഴുതുന്ന സ്ഥലത്തേക്ക് വരുമെന്നുള്ളത് ഉറപ്പാക്കിയ ശേഷം പുറത്തുനില്‍ക്കുന്ന എസ് ഡി പി ഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അറിയിപ്പ് നല്‍കി. ക്യാമ്പസിന് പുറത്തേക്കിറങ്ങി അവരുമായി അവസാനഘട്ട ചര്‍ച്ച നടത്തി. രണ്ട് മരണം ഉറപ്പാക്കണമെന്ന് തീരുമാനിച്ചു. അഭിമന്യുവിനെയും അര്‍ജ്ജുനെയും ലക്ഷ്യമിട്ടു. തുടര്‍ന്നാണ് 'ക്യാമ്പസ് ജിഹാദ്' നടത്തിയതെന്ന് മുഹമ്മദ് ഏറ്റുപറഞ്ഞു. 

രാത്രി 12 മണിയോടെയുണ്ടായ സംഘര്‍ഷത്തിലാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്. അര്‍ജ്ജുന്റെ മറണം ഉറപ്പിക്കാന്‍ സാധിച്ചില്ല. കൊലപാതകം നടന്ന ശേഷം 13 പേരും അവിടെ നിന്നും രക്ഷപ്പെട്ടു. മൂന്നു പേരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പോലീസിന് കൈമാറി. കൊലപാതകത്തിന് തൊട്ടുപിന്നാലെ തന്നെ മുഹമ്മദ് ഒളിവില്‍ പോയി. രാത്രി തന്നെ കൊച്ചിവിട്ട മുഹമ്മദ് കണ്ണൂരിലേക്കാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് കേരളകര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഒളിത്താവളത്തിലേക്ക് മാറി. ഇവിടെ നിന്നും പിന്നീട് ഗോവയിലേക്ക് പോയി വീണ്ടും പഴയ ഒളിത്താവളത്തിലേക്ക് തിരിച്ചെത്തി. പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവുമായി ബന്ധപ്പെട്ടപ്പോള്‍ പ്ലാസിറ്റ് സര്‍ജ്ജറിക്ക് തയ്യാറാവാന്‍ പറഞ്ഞിരുന്നുവെന്നും മുഹമ്മദ് വെളിപ്പെടുത്തി. അപ്പോഴേക്കും പോലീസ് മുഹമ്മദിനെ വലയിലാക്കി. ഒളിവില്‍ കഴിയാന്‍ മുഹമ്മദിനെ സഹായിച്ച തലശ്ശേരി സ്വദേശിയേയും പോലീസ് കസ്റ്റഡിയിലെടുത്തു.



19-Jul-2018