സിപിഐ നേതാവിന്റെ സ്കൂളില്‍ എസ് എഫ് ഐ വേട്ട

തിരുവനന്തപുരം : സി പി ഐ സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവും, കേരഫെഡ് ചെയര്‍മാനുമായ അഡ്വ. ജെ വേണുഗോപാലന്‍ നായരുടെ സ്‌കൂളില്‍ എസ് എഫ് ഐ വേട്ട. സംഘപരിവാര്‍ സംഘടനകളുടെ നിര്‍ദേശമനുസരിച്ചാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ സ്‌കൂള്‍ മാനേജ്‌മെന്റ് കേസ് നല്‍കിയിരിക്കുന്നത്. വേണുഗോപാലന്‍ നായര്‍ മാനേജരായിരുന്ന ജനാര്‍ദ്ദനപുരം എച്ച് എസ് എസില്‍ അദ്ദേഹം കേരഫെഡ് എം ഡിയായതിന് ശേഷം  ഭാര്യ ശ്രീമതിഅമ്മയെ മാനേജരാക്കിയിരിക്കുകയാണ്. ആര്‍ എസ്് എസ് നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് സി പി ഐ നേതാവിന്റെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുനീങ്ങുന്നത് എന്നാണ് ആക്ഷേപം. 

മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപാതകത്തെ തുടര്‍ന്ന് എസ് എഫ് ഐ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജനാര്‍ദ്ദനപുരം എച്ച് എസ് എസും തുറന്നുപ്രവര്‍ത്തിപ്പിക്കരുതെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്‌കൂള്‍ ജീവനക്കാര്‍ ഇത് അംഗീകരിക്കാതെ സ്‌കൂള്‍ ബസ് പുറത്തിറക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ ആരംഭം. സ്‌കൂള്‍ ബസ് പുറത്തിറക്കുന്നതിനെ എസ് എഫ് ഐക്കാര്‍ എതിര്‍ത്തപ്പോള്‍ സ്‌കൂള്‍ ജീവനക്കാര്‍ എസ് എഫ് ഐയുടെ കൊടികള്‍ നശിപ്പിച്ചു. തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗേറ്റ് ഉപരോധിച്ചപ്പോള്‍ ജീവനക്കാര്‍ അക്രമാസക്തരായി. തുടര്‍ന്നുണ്ടായ സംഘര്‍ഷം പൊലീസ് എത്തിയാണ് ശാന്തമാക്കിയത്.

ഗേറ്റ് ഉപരോധത്തിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സ്‌കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ അജിതയെ ആക്രമിച്ചുവൊണ് മാനേജ്‌മെന്റിന്റെ നിലപാട്. തുടര്‍ന്ന് അജിത വെള്ളറടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയും സ്‌കൂള്‍ മാനേജ്‌മെന്റ് എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ കേസ് നല്‍കുകയും ചെയ്തു. കേസുമായി മുന്നോട്ടുപോകാനുള്ള മാനേജ്‌മെന്റിന്റെ നിലപാട് ഇപ്പോള്‍ പ്രദേശത്തെ സിപിഐ എം സി പി ഐ ബന്ധത്തിലും വിള്ളലുണ്ടാക്കിയിട്ടുണ്ട്. കേസിന് പിന്നില്‍ സി പി ഐ നേതാവിന് ഉപദേശം കൊടുക്കുന്നത് സംഘപരിവാര്‍ നേതൃത്വമാണെന്ന ആരോപണവും ശക്തമായുണ്ട്.

ഒരു തരത്തിലുള്ള സമരങ്ങളും സ്‌കൂളില്‍ പാടില്ലെന്ന് നേരത്തെ തന്നെ എല്ലാ രാഷ്ട്രീയ പാര്‍ടികളും ചേര്‍ന്ന് തീരുമാനിച്ചു എന്നാണ് മാനേജ്‌മെന്റ് പറയുന്നത്. അതുകൊണ്ടാണ് കേസുമായി തങ്ങള്‍ മുന്നോട്ടുപോകുന്നത് എന്നാണ് വിശദീകരണം. എന്നാല്‍, അഭിമന്യുവിന്റെ കൊലപാതകം കേരള ജനത ഒടങ്കം അപലപിച്ച സംഭവമായിട്ടും സിപിഐ നേതാവിനും അദ്ദേഹത്തിന്റെ സ്‌കൂളധികൃതര്‍ക്കും മാത്രം ഇത് മനസിലാകുന്നില്ലെന്നാണ് എസ് എഫ് ഐ നേതൃത്വം പറയുന്നത്. മാത്രവുമല്ല, പിറ്റേ ദിവസം കെ എസ് യു വിദ്യാഭ്യാസ ബന്ദ് നടത്തിയപ്പോള്‍ മുന്‍കൂറായി സ്‌കൂളിന് അവധി പ്രഖ്യാപിക്കാനും മാനേജ്‌മെന്റ് തയ്യാറായി. ആക്രമിക്കപ്പെട്ടുവെന്ന് പറയപ്പെടുന്ന ജീവനക്കാരി ചികില്‍സ തേടിയത് സ്വകാര്യ ആശുപത്രിയിലാണെും അതില്‍ നിന്നും കെട്ടിച്ചമച്ച പരാതിയാണ് സിപിഐ നേതാവിന്റെ സ്‌കൂള്‍ മാനേജ്‌മെന്റ് എസ് എഫ് ഐക്കെതിരെ ഉയര്‍ത്തുന്നതെന്നും മനസിലാക്കാമെന്ന് എസ് എഫ് ഐ നേതൃത്വം പറയുന്നു.

സി പി ഐ നേതാവിന്റെ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭരണം ഇപ്പോള്‍ നിയന്ത്രിക്കുന്നത് സംഘപരിവാര്‍ സംഘടനകളാണൊണ് എസ് എഫ് ഐ നേതാക്കള്‍ പറയുന്നത്. പരിക്കേറ്റ ജീവനക്കാരി അജിതയും, നോണ്‍ ടീച്ചിംഗ് വിഭാഗത്തിലെ മറ്റ് ജീവനക്കാരും എന്‍ ജി ഒ സംഘിന്റെ പ്രവര്‍ത്തകരാണ്. കൂടാതെ മുമ്പ് ഇതേ സ്‌കൂളില്‍ വച്ച് ക്രിസ്തുമസ് അവധിക്കാലമടക്കമുള്ള സമയങ്ങളില്‍ ആര്‍ എസ് എസിന്റെ താലൂക്ക് ബൈഠക്ക് പോലുള്ള പ്രധാന പരിപാടികളും സംഘടിപ്പിച്ചിരുന്നു. സുരേഷ് ഗോപി എം പിയെ പങ്കെടുപ്പിച്ച് ബി ജെ പി സംഘടിപ്പിച്ച ഒരു പൊതുയോഗത്തില്‍ സ്‌കൂളിലെ എന്‍ സി സി വിഭാഗം കേഡറ്റുകളുമായി മാര്‍ച്ച് നടത്തിയതും നേരത്തെ വിവാദമായിരുന്നു.

20-Jul-2018