അഭിമന്യു വധം : ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി നേതൃത്വം നല്‍കി

കൊച്ചി : ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി എം മുഹമ്മദ് റിഫയാണ് അഭിമന്യുവിനെ കൊലപ്പെടുത്താന്‍ കൊലക്കത്തിയുമായി വന്ന സംഘത്തിന് നേതൃത്വം കൊടുത്തത്. നിയമവിദ്യാര്‍ഥിയാണ് പൂത്തോട്ടയിലെ സ്വാശ്രയ കോളേജ് വിദ്യാര്‍ഥി മുഹമ്മദ് റിഫ. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായ റിഫയാണ് അഭിമന്യു വധത്തിന് നേതൃത്വം നല്‍കിയതെന്ന് പിടിയിലായ ഒന്നാംപ്രതി മുഹമ്മദ് പോലീസിന് മൊഴി നല്‍കി.

സംഭവദിവസം കാമ്പസ് ഫ്രണ്ട്, എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തങ്ങിയ കൊച്ചിന്‍ ഹോസ്റ്റലില്‍ മുഹമ്മദ് റിഫയും ഉണ്ടായിരുന്നു. ഒന്നാംപ്രതി മുഹമ്മദ് ഹോസ്റ്റലിലേക്ക് വിളിച്ചപ്പോള്‍ ആയുധങ്ങളുമായി വന്നവരുടെ കൂട്ടത്തിലും റിഫ ഉണ്ടായിരുന്നു. കൊലപാതകത്തെ സംബന്ധിച്ച ഉന്നത ഗൂഡാലോചനകളുടെ വിശദാംശങ്ങള്‍ എല്ലാം മുഹമ്മദ് റിഫയാക്ക് അറിയാമെന്നാണ് പോലീസിന്റെ നിഗമനം.

പൂത്തോട്ട എസ് എന്‍ ലോ കോളേജിലെ എല്‍ എല്‍ ബി രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ റിഫ കഴിഞ്ഞതവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് സ്വതന്ത്രനായിട്ടാണ്. ക്യാമ്പസ് ഫ്രണ്ടുമായുള്ള ബന്ധം മറച്ചുവെച്ചാണ് ഇയാള്‍ സ്വതന്ത്ര വേഷം കെട്ടിയത്. കൊലപാതകത്തിന് ശേഷം കോളേജില്‍ നിന്നും മുങ്ങിയ റിഫയെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞദിവസം അറസ്റ്റിലായി റിമാന്‍ഡിലുള്ള ഒന്നാംപ്രതി ജെ ഐ മുഹമ്മദിനെ പോലീസ് ഇന്ന്് കസ്റ്റഡിയില്‍ വാങ്ങും. പത്തുദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. റിമാന്‍ഡിലുള്ള ആദിലിനെയും കസ്റ്റഡിയില്‍ വാങ്ങും. ഇവരെ വിശദമായി ചോദ്യംചെയ്യുന്നതോടെ കൊലപാതകത്തിന്റെ ചുരുളഴിക്കാമെന്നാണ് പ്രതീക്ഷ.

കൊലപാതകദിവസം കാമ്പസ് ഫ്രണ്ടിന്റെ വനിതാപ്രവര്‍ത്തകര്‍ മുഖ്യപ്രതിയുമായി പലതവണ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഇവര്‍ അഭിമന്യുവിനെയും മൊബൈലില്‍ ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യപ്രതിയുടെ നിര്‍ദേശാനുസരണം അഭിമന്യുവിനെ വിളിച്ച് കൊലചെയ്യാനായി ക്യാമ്പസിലേക്ക് വരുത്തിക്കുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥിനികളെ കൂടി കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ് പോലീസുള്ളത്.

കൊലയ്ക്കുശേഷം മുഹമ്മദ് ആദ്യം പോയത് പിതാവ് ഇബ്രാഹിം പഠിപ്പിക്കുന്ന മതപാഠശാലയിലേക്കാണ്. അവിടെ കഴിഞ്ഞശേഷം തിരുവനന്തപുരത്തേക്ക് പോയി. തിരുവനന്തപുരം യൂണിവേസ്സിറ്റി കോളേജിലെ ക്യാമ്പസ് ഫ്രണ്ട് നേതാക്കളുടെ കൂടെയാണ് ഒളിവില്‍ കഴിഞ്ഞത്. അവിടെ നിന്നാണ് വോള്‍വോ ബസില്‍ ഗോവയിലേക്ക് കടന്നത്. ഗോവയില്‍ ജമാ അത്തെ ഇസ്ലാമിയുടെ പഴയകാല പ്രവര്‍ത്തകന്റെ ഹോട്ടലിലാണ് താമസിച്ചത്. ഗോവയില്‍ നിന്നും വിദേശത്തേക്ക് കടക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്‌തെങ്കിലും പോലീസ് വലയില്‍ കുടുങ്ങുവാനുള്ള സാധ്യത കണ്ട് ആ ശ്രമം ഒഴിവാക്കുകയായിരുന്നു. അപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം പ്ലാസ്റ്റിക് സര്‍ജ്ജറിയുടെ സാധ്യത പരിശോധിക്കാമെന്ന് പറഞ്ഞത്. തുടര്‍ന്ന് മുഹമ്മദ് ആലപ്പുഴയിലേക്ക് തിരികെ വരാന്‍ ശ്രമിക്കുമ്പോഴാണ് മംഗളൂരു അതിര്‍ത്തിയില്‍വെച്ച് പോലീസ് കസ്റ്റഡിയിലാവുന്നത്. ആലപ്പുഴയില്‍ ഇറങ്ങിയപ്പോഴാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുഹമ്മദിനെ രക്ഷപ്പെടാന്‍ സഹായിച്ച തലശ്ശേരി സ്വദേശി ഷാനവാസിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റുചെയ്തിരുന്നു. പ്രതികളെ ഓട്ടോയില്‍ രക്ഷപ്പെടാന്‍ സഹായിച്ച മട്ടാഞ്ചേരി സ്വദേശി സജീറിനെയും വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ  അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേര്‍ ഇതുവരെ പിടിയിലായിട്ടുണ്ട്.

20-Jul-2018