മണിപ്പുര്‍ വിഷയത്തില്‍ ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

മണിപ്പുര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. മണിപ്പുരില്‍ ഭരണഘടനാസംവിധാനം തകര്‍ന്നുവെന്നും ക്രമസമാധാനം തകര്‍ന്നിടത്ത് എങ്ങനെ നീതി നടപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ആള്‍ക്കൂട്ടത്തിനു തന്നെ കൈമാറിയതു പൊലീസാണെന്നാണു നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ മൊഴിയില്‍ പറയുന്നത്. ഇതില്‍ ആരെയെങ്കിലും അറസ്റ്റ് ചെയ്‌തോ എന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു.

എന്താണു നടന്നതെന്നു കണ്ടെത്തേണ്ടതു ഡിജിപിയുടെ ചുമതലയാണ്. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌തോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. സിബിഐ അന്വേഷണം തുടരുകയാണെന്നും വെള്ളിയാഴ്ച റിപ്പോര്‍ട്ട് നല്‍കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

കലാപത്തില്‍ എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്യാന്‍ വലിയ കാലതാമസം ഉണ്ടായെന്നു വ്യക്തമായെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നാലാം തീയതി ഉണ്ടായ സംഭവത്തില്‍ ഏഴാം തീയതിയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു സ്ത്രീയെ കാറില്‍നിന്നു പുറത്തേക്കു വലിച്ചിഴച്ചതും മകനെ അടിച്ചുകൊന്നതുമായി ഗൗരവമുള്ള സംഭവമായിരുന്നു അതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചില്ലെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.

മകനെ തീകൊളുത്തി കൊന്നിട്ടും എഫ്‌ഐആറില്‍ 302-ാം വകുപ്പ് എന്തുകൊണ്ടാണ് ഉള്‍പ്പെടുത്താതിരുന്നതെന്ന് ജസ്റ്റിസ് പര്‍ദിവാല ചോദിച്ചു. അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നും അറസ്റ്റുകള്‍ ഉണ്ടാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി. മേയ് തുടക്കം മുതല്‍ ജൂലൈ വരെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നു അവിടെ. ക്രമസമാധാനവും സംവിധാനങ്ങളും പൂര്‍ണമായി തകര്‍ന്ന അവസ്ഥയായിരുന്നുവെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.

കേസുകള്‍ എടുക്കുന്നതിലും എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതിലും വലിയ വീഴ്ച ഉണ്ടായിട്ടുണ്ട്. വളരെ കുറച്ച് അറസ്റ്റുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച രണ്ടു മണിക്ക് ഡിജിപി നേരിട്ടു ഹാജരായി വിവരങ്ങള്‍ നല്‍കാണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

മണിപ്പുര്‍ അക്രമങ്ങളുമായി ബന്ധപ്പെട്ട് 6532 എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. 6523 എഫ്‌ഐആറുകളില്‍ വ്യക്തതയില്ലെന്നും കൊലപാതകം, ബലാത്സംഗം, കൊള്ളിവയ്പ്, സ്വത്തുവകകള്‍ നശിപ്പിക്കല്‍ തുടങ്ങി ഏതൊക്കെ കുറ്റങ്ങളാണെന്നു തരംതിരിച്ച് എഫ്‌ഐആറുകളുടെ വിവരം സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

01-Aug-2023