ക്രിസ്ത്യന്സമൂഹത്തെയും അവരുടെ സഭകളെയും മിഷണറിമാരെയും തരംതാഴ്ത്തുന്ന ഹീനപ്രവര്‍ത്തനം അംഗീകരിക്കില്ല
അഡ്മിൻ
തിരുവനന്തപുരം : ക്രൈസ്തവസഭയിലെ വൈദികരോ ബിഷപ്പോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രതിനിധികളോ നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായ അന്വേഷണവും നടപടിയും പൊലീസും നിയമസംവിധാനവും സ്വീകരിക്കണം. എന്നാല്‍, ഏതെങ്കിലും ചില സംഭവങ്ങളുടെ പേരില്‍ ക്രൈസ്തവസഭയെ ആകെയും വൈദികരെയും കന്യാസ്ത്രീകളെയും ഒന്നടങ്കവും കൊള്ളരുതാത്തവരും സദാചാരവിരുദ്ധരുമായി മുദ്രകുത്താനുള്ള പ്രചാരണങ്ങള്‍ സദുദ്ദേശ്യകരമല്ലെന്നും അതിനുപിന്നില്‍ വര്‍ഗീയ വിദ്വേഷത്തിന്റെ അജന്‍ഡയുണ്ടെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
ക്രൈസ്തവസഭയിലെ വൈദികരോ ബിഷപ്പോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രതിനിധികളോ നിയമവിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിയമപരമായ അന്വേഷണവും നടപടിയും പൊലീസും നിയമസംവിധാനവും സ്വീകരിക്കണം. എന്നാല്‍, ഏതെങ്കിലും ചില സംഭവങ്ങളുടെ പേരില്‍ ക്രൈസ്തവസഭയെ ആകെയും വൈദികരെയും കന്യാസ്ത്രീകളെയും ഒന്നടങ്കവും കൊള്ളരുതാത്തവരും സദാചാരവിരുദ്ധരുമായി മുദ്രകുത്താനുള്ള പ്രചാരണങ്ങള്‍ സദുദ്ദേശ്യകരമല്ല. അതിനുപിന്നില്‍ വര്‍ഗീയ വിദ്വേഷത്തിന്റെ അജന്‍ഡയുണ്ട്.
കുറ്റക്കാരെ രക്ഷിക്കാന്‍ ആരും ഇറങ്ങേണ്ട. എന്നാല്‍, ചില സംഭവങ്ങളുടെ മറവില്‍ ക്രൈസ്തവസഭകളെയും ജനവിഭാഗങ്ങളെയും തരംതാഴ്ത്താനുള്ള കുപ്രചാരണത്തിന്റെ മുനയൊടിക്കുകതന്നെ വേണം.
രാജ്യത്തെ ജനസംഖ്യയുടെ രണ്ടരശതമാനം മാത്രം വരുന്ന ക്രൈസ്തവസമൂഹം രാജ്യത്തിനുവേണ്ടി ചെയ്ത സംഭാവനകള്‍ മറക്കാനാകാത്തതാണ്. വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിനും ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്കും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും െ്രെകസ്തവസഭകളുടെയും മിഷണറിമാരുടെയും സേവനം സമാനതകളില്ലാത്തതാണ്.
കൊല്‍ക്കത്തയിലെത്തി ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ലോകത്തിന് മാതൃകയായി മാറിയ മദര്‍ തെരേസ ഇന്ത്യയുടെ അഭിമാനമുദ്രയാണ്. സംഘപരിവാര്‍ ശക്തികള്‍ എതിര്‍പ്പിന്റെ കുന്തമുനകള്‍ അവര്‍ക്കുനേരെ തിരിച്ചപ്പോള്‍ മദറിന്റെയും അവരുടെ മിഷണറി പ്രസ്ഥാനത്തിന്റെയും സംരക്ഷണത്തിന് മുന്നില്‍നിന്നത് അന്ന് ബംഗാള്‍ ഭരിച്ചിരുന്ന കമ്യൂണിസ്റ്റ് നേതാവ് ജ്യോതിബസുവാണ്. നൊബേല്‍ സമ്മാനം നല്കി ലോകം ആദരിച്ച ആ മഹതിയെ വെള്ളക്കുരങ്ങെന്ന് വിളിച്ച് അവഹേളിച്ച ആര്‍എസ്എസിന്റെ വിധ്വംസക ശബ്ദം വീണ്ടും ഉയരുകയാണ്.
മദര്‍ തെരേസയെയും അവര്‍ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള സംഘപരിവാറിന്റെ പ്രചാരണത്തെ നിസ്സാരമായി തള്ളാവുന്നതല്ല. മദര്‍ തെരേസയ്ക്ക് നല്കിയ ഭാരതരത്ന പുരസ്കാരം തിരിച്ചെടുക്കണമെന്ന ആര്‍എസ്എസിന്റെ ഡല്‍ഹി പ്രചാര്‍ പ്രമുഖ് രാജീവ് ടൂലിയുടെ ആവശ്യം തികഞ്ഞ വര്‍ഗീയ വിദ്വേഷ പ്രചാരണമാണ്.
മതപരിവര്‍ത്തനത്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും സംരക്ഷിക്കാനെന്ന മറവില്‍ കുഞ്ഞുങ്ങളെ കച്ചവടം ചെയ്യുകയായിരുന്നുവെന്നുമുള്ള ഏറ്റവും നീചമായ അപവാദമാണ് വിശുദ്ധയായ മദര്‍ തെരേസയ്ക്കെതിരെ ആര് എസ് എസ് നടത്തുന്നത്. 'മിഷണറീസ് ഓഫ് ചാരിറ്റി' റാഞ്ചിയില്‍ നടത്തുന്ന നിര്‍മല്‍ ഹൃദയ് അഭയകേന്ദ്രത്തില്‍നിന്ന് പിഞ്ചുകുട്ടിയെ വിറ്റുവെന്ന കുറ്റം ചുമത്തി കന്യാസ്ത്രീയെയും ജീവനക്കാരിയെയും ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ആര് എസ് എസ് നേതാവിന്റെ പ്രസ്താവന. റാഞ്ചി സംഭവത്തെപ്പറ്റി അന്വേഷണത്തിന് ജാര്‍ഖണ്ഡിലെ ശിശുക്ഷേമസമിതിക്ക് ബിജെപി മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണം നടക്കട്ടെ, കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ. ഇതാണ് ക്രൈസ്തവസഭകള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഈ നിലപാടിനെ ജനാധിപത്യ സമൂഹം മാനിക്കും.
ബഹുസ്വരതയും ജനാധിപത്യവും ഭരണഘടന ഉറപ്പ് നല്കുന്ന രാജ്യമാണ് ഇന്ത്യ. അത് അട്ടിമറിച്ച് ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ നിലകൊള്ളുന്ന ആര് എസ് എസും മോഡിസര്‍ക്കാരും ആ നയത്തിന്റെ ഭാഗമായാണ് ക്രിസ്ത്യന്സമൂഹത്തെയും അവരുടെ സഭകളെയും മിഷണറിമാരെയും തരംതാഴ്ത്തുന്ന ഹീനപ്രവര്‍ത്തനം നടത്തുന്നത്. ജനാധിപത്യവിശ്വാസികള്‍ക്കും മനസ്സാക്ഷിയുള്ളവര്ക്കും ഇതിനുമുന്നില്‍ നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ല.
20-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ