രാഹുലിനെതിരെയുള്ള അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു

അപകീർത്തി കേസിൽ രാഹുലിനെതിരെയുള്ള ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെ കോൺഗ്രസിൽ ആശ്വാസം. വെറുപ്പിനു മേൽ സ്നേഹത്തിൻ്റെ വിജയമാണിതെന്നായിരുന്നു കോൺഗ്രസിൻ്റെ പ്രതികരണം. എ.ഐ.സി.സി. ആസ്ഥാനത്ത് ആഘോഷങ്ങളുമായി പ്രവർത്തകർ തടിച്ചു കൂടി. രാഹുല്‍ ഗാന്ധിയുടെ മുഖം മൂടിയണിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ രാഹുലിന്റെ ചിത്രമുള്ള കൊടികളുയയര്‍ത്തി രാഹുലിന് മുദ്രാവാക്യം വിളിച്ചും കോടതിയില്‍ നിന്നുള്ള ആശ്വാസ വിധിയെ ആഘോഷിച്ചു.

സത്യത്തിന്റെ വിജയമാണെന്നും സത്യമേവ ജയതേ എന്നും ആഹ്ളാദ പ്രകടനങ്ങൾക്കിടെ പ്രവർത്തകർ സാക്ഷ്യപ്പെടുത്തി. സൂര്യനെയും ചന്ദ്രനെയും സത്യത്തെയും എക്കാലവും മൂടിവെക്കാനാവില്ല എന്ന ബുദ്ധൻ്റെ വാക്കുകളായിരുന്നു വിധി വന്നതിനു പിന്നാലെ പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.

രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും പിന്തുണയോടെയും സ്‌നേഹത്തോടെയും രാഹുല്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തുന്നുവെന്നും സത്യത്തിന് വേണ്ടി പരിശ്രമിക്കുന്നവരുടെയൊപ്പം എക്കാലവും വിജയം സുനിശ്ചതമാണെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസും പറഞ്ഞു.

അതേസമയം, രാഹുലിന്റെ അയോഗ്യത നീക്കി തിരിച്ചെത്താനുള്ള അവസരം വേണമെന്നാവശ്യവുമായി ലോക്‌സഭാ സെക്രട്ടറിയേറ്റിനെ എത്രയും വേഗം സമീപിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. അതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതായാണ് വിവരം.

04-Aug-2023