മോഡിക്ക് പ്രീതി വര്‍ധിക്കുമ്പോള്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും കൂടും
അഡ്മിൻ
ന്യൂഡല്‍ഹി : ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരുകളയാനായി ചിലര്‍ ബോധപൂര്‍വം ചെയ്യുന്നതാണെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അര്ജുന് റാം മേഘ്വാള്. പ്രധാനമന്ത്രി മോഡിയുടെ ജനപ്രീതി വര്‍ധിക്കുന്നതിന് അനുസരിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ധിക്കുമെന്ന് മേഘ്വാള് പറഞ്ഞു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയില്‍ പശുവിന്റെ പേരില്‍ 28കാരനായ യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉയര്‍ത്തിക്കാട്ടി മോഡിയുടെ വിമര്‍ശകര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് മേഘ്വാള് ആരോപിച്ചു. അതുകൊണ്ടു തന്നെ പ്രധാനമന്ത്രിയുടെ ജനപ്രീതി വര്‍ധിക്കുന്നതിന് അനുസരിച്ച് ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ധിക്കും.
ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അവാര്‍ഡ് വാപ്പസിയായിരുന്നു ചര്‍ച്ചാ വിഷയം, യു.പി തെരഞ്ഞെടുപ്പില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ചര്‍ച്ചയാക്കി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മറ്റെന്തെങ്കിലുമായിരിക്കും ചര്‍ച്ചയെന്നും മേഘ്വാള് ആരോപിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപമാണ് രാജ്യം കണ്ട ഏറ്റവും വലിയ ആള്‍ക്കൂട്ട കൊലപാതകമെന്ന് മേഘ്വാള് ആരോപിച്ചു. പശുവിനെ കടത്തിയെന്നാരോപിച്ച് അക്ബര്‍ ഖാന് എന്ന 28 വയസുകാരനെയാണ് അക്രമികള്‍ തല്ലിക്കൊന്നത്. ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് രാജസ്ഥാനില്‍ വീണ്ടും കൊലപാതകം നടന്നത്.