ഏക സിവില്‍ കോഡ്: മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠേന പാസായി

ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസ്സാക്കി കേരള നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠേന പാസാക്കുകയായിരുന്നു. ഇതോടെ ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസ്സാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം മാറി. നേരത്തെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെയും കേരള നിയമസഭയാണ് ആദ്യം പ്രമേയം പാസാക്കിയത്.

ജനങ്ങളുടെ ഒരുമയെ ഛിദ്രീകരിക്കാനുള്ള വര്‍ഗ്ഗീയ നീക്കമാണ് ഏക സിവില്‍ കോഡെന്നും രാഷ്ട്രത്തിന്റെ ഐക്യത്തിന് ഇത് ഹാനികരമാണെന്ന് പ്രമേയം പറയുന്നു. ആശയ സംവാദം നടത്തുകയോ അഭിപ്രായ സമന്വയം സൃഷ്ടിക്കുകയോ ചെയ്യാതെയാണ് കേന്ദ്രം ഇത്തരത്തിലുള്ള ഏകപക്ഷീയ നീക്കവുമായി മുന്നോട്ടു വന്നത്.

ഇത് വിവിധ ജനവിഭാഗങ്ങളില്‍ ആശങ്കയുളവാക്കുകയാണ്. ഈ ആശങ്ക കേരള നിയമസഭയും പങ്കുവെക്കുന്നുവെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ഏക സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര സര്‍ക്കാര്‍ നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്നും പ്രമേയം ഒറ്റക്കെട്ടായി പറയുന്നു.

കൂടാതെ വിവിധ മതവിഭാഗങ്ങളുമായി ചര്‍ച്ച നടത്തി പൊതുസമീപനം ഉരുത്തിരിയുന്നതുവരെ തിടുക്കത്തിലുള്ള നീക്കങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും നിയമസഭ ആവശ്യപ്പെട്ടു.

08-Aug-2023