സോഷ്യല്‍ മീഡിയ സൗഹൃദം പ്രണയം വഴി തട്ടിപ്പ് യുവതികളും കൂട്ടാളികളും അറസ്റ്റില്‍
അഡ്മിൻ
തൃശൂര്‍ : സോഷ്യല്‍മീഡിയ വഴി പരിചപ്പെട്ട് സൗഹൃദവും പ്രണയവും നടിച്ച് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ച യുവതികളും സംഘവും പിടിയില്‍. കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയറാണ് കെണിയില്‍ വീണത്. പൊലീസിന്റെ അവസരോചിത ഇടപെടലില്‍ തട്ടിപ്പുസംഘം കുടുങ്ങി. സംഭവം ഇങ്ങനെ: നാലുവര്‍ഷം മുമ്പാണ് കൊടുങ്ങല്ലൂര്‍ക്കാരി സസീമയെ കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയര്‍ പരിചയപ്പെടുന്നത്. നസീമയുടെ വനിതാ സുഹൃത്തുക്കളുമായി വരെ നല്ല അടുപ്പം രൂപപ്പെട്ടു. പെട്ടെന്നു നസീമയെക്കുറിച്ചു വിവരമില്ലാതായി. ഈയിടെ നസീമയുടെ വാട്സാപ് പ്രൊഫൈല്‍ എന്‍ജീനിയര്‍ നോക്കിയപ്പോള്‍ കൂടെ ഒരു യുവതിയെ കണ്ടു. കഥ മാറുന്നത് ഇവിടെവച്ചാണ്. ഈ യുവതിയെ പരിചയപ്പെടാന്‍ മോഹിച്ച് എന്‍ജിനീയര്‍ നസീമയെ ഫോണില്‍ വിളിച്ചു. കൊടുങ്ങല്ലൂര്‍ക്കു വരൂവെന്ന് നസീമയുടെ മറുപടി. ഫ്ളാറ്റില്‍ വന്നാല്‍ മതി, പരിചയപ്പെടാമെന്ന് ഉറപ്പും കൊടുത്തു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവാവ് നേരെ കൊടുങ്ങല്ലൂര്‍ക്കു വിട്ടു. വഴിയരികില്‍ നസീമയും സുഹൃത്ത് ഷെമീനയും കാത്തുനിന്നു. ഉച്ചഭക്ഷണം വാങ്ങി എന്‍ജീനിയര്‍ സ്വന്തം കാറില്‍ ഇവരെ കയറ്റി ഫ്ളാറ്റിലേക്കു പോയി.
ഭക്ഷണം കഴിക്കുന്നതിനിടെ, അഞ്ചാറു പേര് വാതിലില്‍ മുട്ടി. ഇതിവിടെ നടപ്പില്ലെന്ന് ആക്രോശിച്ചു. എന്‍ജിനീയറെ മര്‍ദിച്ചു, പണം ചോദിച്ചു. തരില്ലെന്ന് പറഞ്ഞപ്പോള്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയും വീഡിയോയുമെടുത്തു. നസീമയും ഷെമീനയും വാവിട്ടുകരഞ്ഞു. എങ്ങനെയെങ്കിലും പൈസ കൊടുത്ത് ഒഴിവാക്കാന്‍ എന്‍ജിനീയറോട് അപേക്ഷിച്ചു. പഴ്സെടുത്ത് എടിഎം കാര്‍ഡു കൊടുത്തു. പഴ്സിലുണ്ടായിരുന്ന 35,000 രൂപയും സംഘം വാങ്ങി. എടിഎം സെന്ററില്‍ പോയി കാര്‍ഡ് പരിശോധിച്ചപ്പോള്‍ പണമില്ലായിരുന്നു– സീറോ ബാലന്‍സ്. തിരിച്ചുവന്ന് എന്‍ജിനീയറെ സംഘം വീണ്ടും മര്‍ദിച്ചു. ഈ സമയത്തെല്ലാം നസീമയും ഷെമീനയും നിലവിളിച്ചു. ഇവരെ ഉപദ്രവിക്കാതിരിക്കാന്‍ എന്‍ജിനീയര്‍ പ്രതിരോധിച്ചു. ഫോണെടുത്ത് പൊലീസിനെ വിളിക്കാന്‍ നോക്കിയപ്പോഴും അടി കിട്ടി. ഫോണ്‍ വാങ്ങി സ്വിച്ച് ഓഫ് ചെയ്തു. മൂന്നു ലക്ഷം രൂപ അക്കൗണ്ടില്‍ ഇടണമെന്നും ഇല്ലെങ്കില്‍ കാര്‍ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. പണം തരാമെന്ന് എന്‍ജിനീയര്‍ സമ്മതിച്ചു. പുറത്ത് ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു തുടര്‍ന്നും ഭീഷണിപ്പെടുത്തി. എങ്ങനെയെങ്കിലും പണം കൊടുക്കൂവെന്ന് സസീമയും ഷെമീനയും കേണപേക്ഷിച്ചു. ഇല്ലെങ്കില്‍ ഞങ്ങളുടെ ഭാവിയും പ്രശ്നമാകുമെന്ന് അവര്‍ പറഞ്ഞു. ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിയ ഉടനെ എന്‍ജിനീയര്‍ നേരെ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ പോയി കാര്യങ്ങള്‍ വിശദീകരിച്ചു.
പൊലീസ് അന്വേഷിച്ചപ്പോള്‍ ഒരു കാര്യം മനസിലായി. നസീമയും ഷെമീനയുമാണ് ഈ സദാചാര പൊലീസ് നാടകം ആസൂത്രണം ചെയ്തത്. ലക്ഷ്യം– പണം തട്ടിയെടുക്കല്‍. സദാചാര ഗുണ്ടകളായി അഭിനയിച്ചതാകട്ടെ ഇവരുടെ ആണ്‍സുഹൃത്തുക്കളും. പൊലീസ് പിന്തുടരുന്നത് അറിഞ്ഞതോടെ എല്ലാവരും സ്ഥലംവിട്ടു. തൃശൂര്‍ അരണാട്ടുകരയിലെ ഒരു ഫ്ളാറ്റിലായിരുന്നു ഷെമീനയുടെ താമസം. ഒപ്പമുണ്ടായിരുന്ന തൃശൂര്‍ സ്വദേശികളായ ശ്യാം ബാബു, അനീഷ്, സംഗീത് എന്നിവരെ കസ്റ്റഡിയിലെടുത്തു. സദാചാര പൊലീസ് ചമഞ്ഞവരില്‍ ഇവരുമുണ്ടായിരുന്നു. നസീമയും രണ്ടാം ഭര്‍ത്താവ് അക്ബര്‍ഷായും ഒളിവിലാണ്. വയനാട്ടില്‍ ഒളിവില്‍ കഴിയുന്ന അക്ബര്‍ഷാ ഉടന്‍ പിടിയിലാകും. എന്‍ജിനീയറെ വിളിച്ചുവരുത്തി സദാചാര നാടകം കളിച്ചാല്‍ കാറും ലക്ഷക്കണക്കിന് രൂപയും കിട്ടുമെന്നാണ് സംഘം കരുതിയത്. എന്‍ജിനീയറുടെ ബാങ്ക് അക്കൗണ്ട് സീറോ ബാലന്‍സ് ആയിരുന്നതിനാല്‍ എല്ലാം പൊളിഞ്ഞു. എന്‍ജിനീയര്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞതും കള്ളി വെളിച്ചത്താകാന്‍ സഹായിച്ചെന്നു പൊലീസ് പറഞ്ഞു.
22-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ