സിഎംആര്‍എല്ലിൽ നിന്നും പണം വാങ്ങിയെന്ന് സമ്മതിച്ച് രമേശ് ചെന്നിത്തല
അഡ്മിൻ
തന്റെ പേര് ഉൾപ്പെടെയുള്ള രേഖകൾ പുറത്ത് വന്നതോടെ സിഎംആര്‍എല്ലിൽ നിന്നും പണം വാങ്ങിയെന്ന് സമ്മതിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്ക് വേണ്ടി കെപിസിസി പ്രസിഡന്റ് എന്ന നിലയിലാണ് പണം വാങ്ങിയതെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.
പ്രത്യുപകാരമായി ശശിധരൻ കര്‍ത്തയ്ക്ക് ഒരു സഹായവും ചെയ്ത് നൽകിയിട്ടില്ലെന്നും എന്ത് ഉദ്ദേശം വച്ചാണ് കര്‍ത്ത സംഭാവന നൽകിയതെന്നറിയില്ലെന്നും ചെന്നിത്തല വിശദീകരിച്ചു. താൻ ഈ വിഷയത്തിൽ ഒളിച്ചോടിയിട്ടില്ല.
ഞാൻ പണം വാങ്ങിയത് പാര്‍ട്ടിക്ക് വേണ്ടിയാണ്. കർത്തയെ പോലുളളവരോട് പണം വാങ്ങിക്കരുതെന്ന വിഎം സുധീരന്റെ പരാമർശത്തിൽ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ അഴിമതി എന്ന നിലക്കായിരുന്നു പ്രതിപക്ഷം വിഷയം കത്തിക്കാനൊരുങ്ങിയത്.
എന്നാൽ പിന്നീട് പണം നൽകിയവരുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നതോടെ യുഡിഎഫ് യൂ ടേൺ അടിച്ചു. സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പണം നൽകിയതായി പറയുന്നവരെ ചുരുക്കപ്പേരായി രേഖയിൽ കുറിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് വിശദാംശങ്ങൾ തേടിയപ്പോൾ പിണറായി വിജയന്റെ പേരിനൊപ്പം, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പേരുകളും കാണിക്കുന്നുണ്ട്. ഇതോടെ യുഡിഎഫ് പിൻമാറി.