പുതുപ്പള്ളിയിൽ ജെയ്ക് സി. തോമസ് ഇടതുമുന്നണി സ്ഥാനാർത്ഥി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥിയായി ജെയ്ക് സി തോമസിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 33കാരനായ ജെയ്‌ക്കിന് പുതുപ്പള്ളിയിൽ ഇത് മൂന്നാമങ്കമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. പതുപ്പള്ളിയിൽ രാഷ്ട്രീയ പോരാട്ടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കോട്ടയത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

‘രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എല്ലാ വികസനപ്രവർത്തനങ്ങളേയും സംഘടിതമായി എതിർക്കുകയാണ്. ഒരുകാര്യവും കേരളത്തിൽ നടക്കാൻ പാടില്ല. കാരണം, കേരളത്തിൽ വികസന പ്രവർത്തനത്തിന് വോട്ട് ഉണ്ട് എന്ന് മനസ്സിലായത് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്. വികസനപ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ല എന്ന് അജണ്ട വെച്ച് തീരുമാനിച്ച ഒരു പ്രതിപക്ഷമായിരുന്നു ഇത്.

കെ. റെയിലിന്റെ കാര്യത്തിൽ, ദേശീയപാതാ വികസനത്തിന്റെ കാര്യത്തിൽ, കെ ഫോൺ പദ്ധതി, തുടങ്ങി പല പദ്ധതികളും അംഗീകരിക്കാൻ കൂട്ടാക്കാതെ അഴിമതിയുടെ പുകമറ സൃഷ്ടിച്ച് എതിർക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ജനങ്ങൾ അംഗീകരിച്ചില്ല – ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

12-Aug-2023