തോണി അപകടത്തില്‍പ്പെട്ട മാതൃഭൂമി വാര്‍ത്താ സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി.

കടുത്തുരുത്തി: വെള്ളപ്പൊക്കദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തി അപകടത്തില്‍പെട്ട മാതൃഭൂമി ന്യൂസ് വാര്‍ത്താ സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകന്‍ സജി മെഗാസിന്റെ (48) മൃതദേഹമാണ് കണ്ടെത്തിയത്. നാവികസേനയുടെ സ്‌കൂബാ ഡൈവിങ്ങ് വിദഗ്ദ്ധരും നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടത്തിയത്. കാണാതായ ചാനലിന്റെ ഡ്രൈവര്‍ തിരുവല്ല സ്വദേശി ബിബിനായുള്ള തിരച്ചില്‍ തുടരുകയാണ്.

ഇന്നലെ ഉച്ചയ്ക്കു 12.30 നു കല്ലറ മുണ്ടാര്‍ പാറേല്‍ കോളനിയുടെ സമീപം കരിയാറിലാണു അപകടമുണ്ടായത്. ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണിത്. മാതൃഭൂമി ന്യൂസിന്റെ മാധ്യമപ്രവര്‍ത്തകരായ നാലുപേരും വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനും ഉള്‍പ്പെടെ അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ ഇന്നലെ രക്ഷപെടുത്തിയിരുന്നു. ചാനലിന്റെ റിപ്പോര്‍ട്ടര്‍ തൃശൂര്‍ കുടപ്പുഴമന ശ്രീധരന്‍ നമ്പൂതിരി, ക്യാമറാമാന്‍ കോട്ടയം ചിറക്കടവ് അടിച്ചുമാക്കല്‍ അഭിലാഷ് നായര്‍, വള്ളം നിയന്ത്രിച്ചിരുന്ന അനീഷ്ഭവനില്‍ അഭിലാഷ് എന്നിവരെ മുട്ടുചിറ എച്ച്.ജി.എം. ആശുപത്രിയില്‍ ചികിത്സയിലാണ്.

കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍ പാറയില്‍ ഭാഗത്തുവച്ചാണ് ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന വള്ളം അപകടത്തില്‍പ്പെട്ടത്. ദൃശ്യങ്ങള്‍ പകര്‍ത്തിയതിയ ശേഷം രണ്ടു കിലോമീറ്റര്‍ അകലെ എഴുമാന്തുരുത്ത് കൊല്ലംകരി ഭാഗത്തേക്കു വരുമ്പോള്‍ കരിയാറിന്റെ ഒമ്പതാം നമ്പറില്‍ ഭാഗത്ത് ആറിന്റെ മധ്യഭാഗത്തായി വള്ളം തലകീഴായി മറിയുകയായിരുന്നു. ഉടന്‍ തന്നെ വള്ളം നിയന്ത്രിച്ച അഭിലാഷ്, മറ്റു നാലു പേരെയും രക്ഷിച്ചു മറിഞ്ഞ വള്ളത്തില്‍ പിടിപ്പിച്ചു നിര്‍ത്തി. ബഹളം കേട്ട് സമീപത്ത് പുല്ല് ചെത്തിയിരുന്നവര്‍ വള്ളത്തില്‍ അപകടം നടന്ന സ്ഥലത്തേക്കു പാഞ്ഞെത്തി. വള്ളത്തിന്റെ ഒരു വശത്തുപിടിച്ചുകിടന്ന രണ്ടുപേര്‍ ഈ വള്ളത്തിലേക്കു കയറി. മറുവശത്തു പിടിച്ചിരുന്ന മറ്റു രണ്ടു പേര്‍ രക്ഷിക്കാനെത്തിയ വള്ളത്തിലേക്കു കയറുന്നതിനിടെ കൈവിട്ട് മുങ്ങിത്താഴുകയായിരുന്നു. സജിയെ അഭിലാഷ് മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു വന്നെങ്കിലും കൈയ്യില്‍നിന്നു വഴുതി വീണ്ടും വെള്ളത്തിലേക്കു താഴുകയായിരുന്നു.

24-Jul-2018