ലോറി ക്ലീനറുടെ കൊലപാതകം ദുരഭിമാന കൊലയെന്ന് സംശയം

പാലക്കാട് : ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ചരക്കുലോറിയിലെ ക്ലീനര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത. ഇതേത്തുടര്‍ന്ന് തമിഴ്‌നാട് സ്വദേശിയായ ഡ്രൈവര്‍ നൂറുള്ളയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യമാണ് സംശയത്തിന് കാരണം. ക്ലീനറുടെ മരണം ആസുത്രിതമായ ദുരഭിമാന കൊലപാതകമാണോ എന്നാണ് പോലീസ് സംശയിക്കുന്നത്. കോയമ്പത്തൂര്‍ അണ്ണൂര്‍ വടക്കല്ലൂര്‍ മുരുകേശന്റെ മകന്‍ വിജയ് എന്ന മുബാറക് ബാഷയാ (29)ണു കൊല്ലപ്പെട്ടത്. കോയമ്പത്തൂരിലുള്ള പെണ്‍കുട്ടിയുമായുള്ള അടുപ്പത്തെത്തുടര്‍ന്ന് വിവാഹത്തിനായി മതം മാറിയിരുന്നുവെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയതാണ് സംശയം ദുരഭിമാനക്കൊലയിലേക്ക് നീങ്ങുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിനു ദേശീയപാതയില്‍ കഞ്ചിക്കോടിനു സമീപം പച്ചനിറമുള്ള വാനിലും ബൈക്കുകളിലുമായെത്തിയ പതിനഞ്ചോളം പേര്‍ വാഹനം തടയാനായി നടത്തിയ കല്ലേറിലാണ് ബാഷയ്ക്കു പരുക്കേറ്റതെന്നാണ് െ്രെഡവര്‍ നൂറുള്ളയുടെ ആദ്യമൊഴി. പിന്നീട്, കഞ്ചിക്കോട് ചടയന്‍കലായ് കാണിച്ചുകൊടുത്ത ഡ്രൈവര്‍ രാവിലെയായപ്പോഴേക്കും സംഭവസ്ഥലം തമിഴ്‌നാട്ടിലാണെന്ന വിധത്തില്‍ മൊഴിമാറ്റുകയായിരുന്നു. ഡ്രൈവറുടെ മൊഴിയെത്തുടര്‍ന്ന് കല്ലേറുണ്ടായതെന്ന് പറഞ്ഞ എട്ടിമെടെയ്ക്കും ചാവടിക്കും ഇടയിലുള്ള സ്ഥലത്ത് പോലീസ് പരിശോധന നടത്തി. വാളയാര്‍ ചെക്‌പോസ്റ്റിന് സമീപമുള്ള സി.സി. ടിവി ദൃശ്യങ്ങളും പരിശോധിച്ചതില്‍ ഗുരുതരമായി പരിക്കേറ്റ് ലോറിയില്‍ കണ്ട ബാഷയെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം ഡ്രൈവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്നും വ്യക്തമാകുകയായിരുന്നു.

കേസ് വഴിതിരിക്കാനും പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതിനു കാരണം വ്യക്തമല്ല. ബാഷയുടെ പോസ്റ്റുമാര്‍ട്ടത്തില്‍ നെഞ്ചെല്ല് തകര്‍ത്തു ആഴത്തിലുണ്ടായ മുറിവാണു മരണകാരണമായി പറയുന്നത്. എന്നാല്‍ പുറത്തുനിന്നുള്ള കല്ലേറില്‍ ഇത്രത്തോളം ആഘാതത്തിലുള്ള മുറിവുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. കൂലിപ്പണിക്കാരനായിരുന്ന ബാഷ ലോറിയില്‍ ജോലിക്കു കയറിയിട്ട് രണ്ടു ദിവസമേ ആയിട്ടുള്ളൂ.

24-Jul-2018