പുതുപ്പള്ളി; ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക ഇന്ന് സമര്‍പ്പിക്കും. രാവിലെ സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തുന്ന സ്ഥാനാര്‍ത്ഥി അവിടെ നിന്ന് എല്‍ ഡി എഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് പത്രിക സമര്‍പ്പണത്തിനായി പോകുന്നത്. രാവിലെ 11 മണിക്ക് കോട്ടയം ആര്‍ ഡി ഒ മുമ്പാകെയാണ് ജെയ്ക്ക് സി തോമസ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുക.

ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. മണര്‍കാട് ജംഗ്ഷനില്‍ വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു.

മന്ത്രി വി എന്‍ വാസവന്‍, ജോസ് കെ മാണി എം.പി, ബിനോയ് വിശ്വം എം പി, കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ, എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, എല്‍.ജെ.ഡി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജ് , അഡ്വ: മാത്യു ടി തോമസ് എം എല്‍ എ, ഡോ. കെ സി ജോസഫ്, എന്നിവര്‍ പ്രസംഗിക്കും.

16-Aug-2023