സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുകയും, കുട്ടികൾ അനാഥരാക്കപ്പെടുകയും, ന്യൂനപക്ഷം ബുൾഡോസ് ചെയ്യപ്പെടുകയും ചെയ്യുമ്പോൾ താൻ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനില്ലെന്ന് നടൻ പ്രകാശ് രാജ്. മരിച്ചവർ മാത്രമേ കൊലയാളിയുടെ പ്രസംഗത്തിന് കയ്യടിക്കൂ. താൻ മരിച്ചിട്ടില്ല. വ്യാജ ദേശീയതയെ ആഘോഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. അൺഹാപ്പി ഇൻഡിപെൻഡൻസ് ഡേ എന്ന ഹാഷ്ടാഗോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പ്രകാശ് രാജ് നിലപാട് വ്യക്തമാക്കിയത്.
പ്രകാശ് രാജിന്റെ കുറിപ്പ് :
"ക്ഷമിക്കണം. എനിക്ക് നിങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കാനാകില്ല. വീടുകളിൽ മൃതദേഹങ്ങൾ അടക്കം ചെയ്യപ്പെടാനായി കാത്തിരിക്കുമ്പോൾ... കൊള്ളക്കാരുടെ ഘോഷയാത്ര നിങ്ങളുടെ വീട്ടുമുറ്റത്തിലൂടെ നീങ്ങുമ്പോൾ... എനിക്ക് നിങ്ങളുടെ ആഘോഷത്തിൽ പങ്കെടുക്കാനാകില്ല.
എല്ലാ വീടുകളും ശ്മശാന ഭൂമിയാകുമ്പോൾ നിങ്ങൾക്ക് പതാക ഉയർത്താനാകുമോ?
ബുൾഡോസറുകൾക്ക് ദേശഭക്തി ഉണർത്താനാകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ക്ഷമിക്കണം.
എന്റെ രാജ്യത്തിനൊപ്പം കരയുമ്പോൾ, എനിക്ക് നിങ്ങളുടെ കൂടെ ആഘോഷിക്കാനാകില്ല. മരിച്ചവർക്ക് മാത്രമേ കൊലയാളിയുടെ പ്രസംഗത്തിന് കയ്യടിക്കാനാകൂ... ഞാൻ മരിച്ചിട്ടില്ല. എനിക്ക് നിങ്ങളുടെ ആഘോഷത്തിൽ പങ്കെടുക്കാനാകില്ല."