കേന്ദ്രസർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു: ശരദ് പവാര്‍

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍. രാജ്യം ഭരിക്കുന്ന ബിജെപിയും സഖ്യ കക്ഷികളും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് ശരദ് പവാര്‍ വിമര്‍ശിച്ചു. മഹാ വികാസ് അഘാഡി സഖ്യത്തില്‍ നിന്നും ശരദ് പവാറിന്റെ എന്‍സിപി പുറത്ത് പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് വിമര്‍ശനം.

എന്‍സിപി പിളര്‍ത്തി എന്‍ഡിഎയില്‍ ചേര്‍ന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അനന്തരവന്‍ അജ്ത് പവാറുമായി ശരദ് പവാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പിന്നാലെയാണ് ശരദ് പവാര്‍ എന്‍ഡിയിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

'സംസ്ഥാന സര്‍ക്കാരുകളെ ബിജെപി എങ്ങനെയാണ് തകര്‍ത്തതെന്ന് ഗോവയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും നമ്മള്‍ കണ്ടതാണ്. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ എങ്ങനെയാണ് വെല്ലുവിളിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രിക്ക് പ്രധാനമായി തോന്നിയില്ല.' എന്നും ശരദ് പവാര്‍ പറഞ്ഞു.

ഒരു വ്യവസായിയുടെ വീട്ടില്‍ വച്ചാണ് ശരദ് പവാര്‍ അജിത് പവാറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. പ്രത്യേകിച്ചൊന്നുമില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ശരദ് പവാര്‍ ഒഴിഞ്ഞെങ്കിലും രാഷ്ട്രീയരംഗത്ത് ചര്‍ച്ചകള്‍ സജീവമാകുകയായിരുന്നു. ശരദ് പവാറിന്റെ ചാഞ്ചാട്ടം മുന്നില്‍ക്കണ്ട് മഹാവികാസ് അഘാഡി 'പ്ലാന്‍ ബി' തയാറാക്കിയെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തു വരുന്ന സൂചന.

'രണ്ട് വാഗ്ദാനങ്ങളാണ് അജിത് പവാര്‍ ശരദ് പവാറിന് മുന്നില്‍ വച്ചത്. ഒന്ന്, മോദി മന്ത്രിസഭയില്‍ ശരദ് പവാറിനെ കൃഷിമന്ത്രിയാക്കാം. രണ്ട്, സുപ്രിയ സുലെയെ കേന്ദ്രമന്ത്രിസഭയിലും ജയന്ത് പാട്ടീലിനെ സംസ്ഥാന മന്ത്രിസഭയിലും ഉള്‍പ്പെടുത്താം.' കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ വ്യക്തി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് പൃഥ്വിരാജ് ചവാനാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

16-Aug-2023