സംവാദത്തിന് ചാണ്ടി ഉമ്മനെ വിനയത്തോടെ ക്ഷണിക്കുന്നു: ജെയ്ക്ക് സി തോമസ്

പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിൽ പ്രചാരണത്തിനായി മന്ത്രിമാരെ ഇറക്കാൻ പേടിയില്ലെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ്. 21 വികസന സംവാദങ്ങളിൽ മന്ത്രിമാർ പങ്കെടുക്കും. സംവാദത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്ന ആലോചനയിലാണ് യുഡിഎഫ്. വികസന സംവാദത്തിന് വീണ്ടും ചാണ്ടി ഉമ്മനെ വിനയത്തോടെ ക്ഷണിക്കുന്നുവെന്നും ജെയ്ക്ക് സി തോമസ് പറഞ്ഞു.

ഇത്തവണ മണ്ഡലത്തിൽ ജയ്ക്കിനെ ജയിപ്പിക്കാൻ സംഘടനാ സംവിധാനത്തിന് കൂടുതൽ ചുമതലകൾ നൽകിയാണ് ഇടതുമുന്നണി പ്രചാരണ വിന്യാസം. മണ്ഡലത്തിൽ താമസിക്കുന്ന മന്ത്രി വി എൻ വാസവൻ പുതുപ്പള്ളി പ്രചാരണത്തിനുണ്ടാകും. സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നും പി കെ ബിജുവിനും കെ കെ ജയചന്ദ്രനുമാണ് ചുമതല. പഞ്ചായത്തുകളിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കുള്ള ചുമതല ഉടൻ തീരുമാനിക്കും.

പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്ററാണ് മണ്ഡലം കണ്‍വൻഷൻ ഉദ്ഘാടനം ചെയ്യുന്നത്. 24ന് മുഖ്യമന്ത്രി എത്തി രണ്ടിടങ്ങളിൽ പ്രസംഗിക്കും. വികസനം ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളെ പങ്കെടുത്ത് വികസന സന്ദേശ യാത്ര നയിക്കാൻ ആഗസ്റ്റ് 20ന് തോമസ് ഐസക് എത്തും.

ആഗസ്റ്റ് 22ന് ആയിരം വനിതകളെ പങ്കെടുപ്പിച്ചുള്ള വനിതാ അസംബ്ലിക്ക് പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എത്തും. ജയ്ക്കിന്‍റെ പര്യടനം 24നാണ് തുടങ്ങുക.

17-Aug-2023