ആരോപണങ്ങൾക്ക് മറുപടി പറയാതെ മാത്യു കുഴൽനാടൻ വെല്ലുവിളിക്കുന്നു: ഡിവൈഎഫ്ഐ

കോൺ​ഗ്രസ് എംഎൽഎയായ മാത്യു കുഴൽനാടനെതിരായ ആരോപണങ്ങൾ അതീവ ഗുരുതരമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ജനങ്ങളെ വഞ്ചിക്കുന്ന നടപടിയാണ് എംഎൽഎയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വി കെ സനോജ് ആരോപിച്ചു.

ഇടുക്കി ചിന്നക്കനാലിലെ ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ട്. ആരോപണങ്ങൾക്ക് മറുപടി പറയാതെ മാത്യു കുഴൽനാടൻ വെല്ലുവിളിക്കുകയാണ്. എംഎൽഎ സ്ഥാനത്തിരുന്ന് കള്ളപ്പണം വെളുപ്പിക്കുന്നു. പട്ടയം തിരുത്തി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ്. എംഎൽഎയുടെ ജനവഞ്ചനയ്‌ക്കെതിരെ ഡിവൈഎഫ്ഐ സമരം സംഘടിപ്പിക്കുമെന്നും വി കെ സനോജ് വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി നാളെ എംഎൽഎ ഓഫീസിലേക്ക് മാർച്ച്‌ നടത്തും. മാത്യു കുഴൽനാടൻ, നേരത്തെ പോക്സോ കേസിലെ പ്രതിയെ രക്ഷിക്കാൻ വേണ്ടി പരസ്യ വക്കാലത്ത് എടുത്ത ആളാണെന്നും വി കെ സനോജ് ആരോപിച്ചു. അതേസമയം, നികുതി വെട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും നടത്തിയെന്ന ആരോപണത്തിൽ കോൺ​ഗ്രസ് നേതാവ് മാത്യു കുഴൽനാടനെതിരെ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുകയാണ്.

17-Aug-2023