ഹിന്ദുത്വത്തിന്റെ പേരില്‍ മതേതരത്വത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കുമെതിരേ ചിലര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് വൃന്ദ ഈ ആരോപണമുന്നയിച്ചത്. വൃന്ദ കാരാട്ടും ഡല്‍ഹി സി.പി.എം. സംസ്ഥാന സെക്രട്ടറി കെ.എം. തിവാരിയുമാണ് കേസില്‍ കക്ഷിചേരാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.
വിശ്വ ഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദള്‍ എന്നീ സംഘടനകളുടെ നേതാക്കള്‍ ഹിന്ദുമതത്തിന്റെ പേരില്‍ പൊതുസമ്മേളനങ്ങളില്‍ മുസ്‌ലിം വിഭാഗത്തിനെതിരെ ജനങ്ങളെ ഇളക്കിവിടുകയാണെന്നും വൃന്ദ കാരാട്ടും കെ.എം. തിവാരിയും ആരോപിച്ചു. ഡല്‍ഹിയിലെ ചാന്ദിനി ചൗക്ക്, നന്‍ഗോളി എന്നിവിടങ്ങളില്‍ നടന്ന പൊതുയോഗങ്ങളില്‍ മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരെ സാമൂഹികവും സാമ്പത്തികവുമായി ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തയായും അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.
എന്നാല്‍ ഇത്തരം വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരേ സര്‍ക്കാരോ പോലീസോ ഒരു നടപടിയുമെടുക്കുന്നില്ലെന്നും കക്ഷിചേരല്‍ അപേക്ഷയില്‍ ആരോപിച്ചു. അഭിഭാഷകരായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, ബിജു പി. രാമന്‍ എന്നിവരാണ് വൃന്ദയുടെ കക്ഷിചേരല്‍ അപേക്ഷ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത്.