പുരാവസ്‌തു തട്ടിപ്പ്; മുൻ ഡിഐജി സുരേന്ദ്രനെ ചോദ്യം ചെയ്‌തു
അഡ്മിൻ
പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ നാളെ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിനെത്തുന്നതിന് കൂടുതൽ സമയം തേടിയിരിക്കുകയാണ് സുധാകരൻ.
ഓഗസ്‌റ്റ് 22 ചോവ്വാഴ്‌ച ഹാജരാകാമെന്നാണ് സുധാകരൻ എൻഫോഴ്സ്മെന്റിനെ അറിയിച്ചത്. ഇക്കാര്യത്തിൽ ഇഡി പിന്നീട് തീരുമാനം അറിയിക്കും. അതേസമയം, കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇഡി ചോദ്യം ചെയ്‌തു. ഇന്ന് ഉച്ചയോടെയാണ് എസ് സുരേന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായത്. മോൻസൻ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപാടിലെ കള്ളപ്പണ കേസിലാണ് നടപടി.
മോൻസന്റെ അക്കൗണ്ടിൽ നിന്ന് മുൻ ഡിഐജി എസ് സുരേന്ദ്രന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പല തവണയായി പണം എത്തിയതായി കണ്ടെത്തിയിരുന്നു. എന്നാൽ സാമ്പത്തിക ഇടപാടിൽ പങ്കില്ലെന്നാണ് ഡിഐജി നൽകിയ മൊഴിയിൽ പറയുന്നത്.
മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പില്‍ ഐജി ലക്ഷ്മണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ക്രൈംബ്രാഞ്ച് റിപ്പോർട്ട് ഇന്ന് പുറത്തുവന്നിരുന്നു. തട്ടിപ്പിലെ മുഖ്യ സൂത്രധാരന്‍ ഐജിയാണെന്നും ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.