എഐ ക്യാമറ: ആദ്യ മാസം എറണാകുളത്ത് മാത്രം ചുമത്തിയ പിഴ 1.58 കോടി രൂപ
അഡ്മിൻ
എറണാകുളം ജില്ലയിൽ എഐ ക്യാമറകൾ കണ്ടെത്തിയ ഗതാഗത നിയമലംഘനത്തിന് ഒരുമാസം കൊണ്ട് ചുമത്തിയ പിഴ 1,58,42,000 രൂപ. ഇതിൽ 26,72,500 രൂപ നോട്ടീസ് ലഭിച്ചവർ അടച്ചുതീർത്തു. ഇനി 1,31,69,500 രൂപയാണ് കുടിശ്ശികയായുള്ളത്. ഒരുമാസത്തിൽ 26, 378 കേസുകളാണ് എടുത്തത്. ജൂലൈമാസത്തിൽ കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകുന്നതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
എറണാകുളം ജില്ലയിൽ വിവിധ ഇടങ്ങളിലായി 63 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം തകരാറിലാണ്.ക്യാമറ പകർത്തുന്ന നിയമ ലംഘന ചിത്രങ്ങൾ മൂന്ന് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷമാണ് നിയമം ലംഘിച്ച വാഹന ഉടമയ്ക്ക് നോട്ടീസ് നൽകുന്നത്. ക്യാമറകളിൽ നിന്നുള്ള ചിത്രങ്ങൾ ആദ്യം തിരുവനന്തപുരത്തെ കേന്ദ്ര സർവറിലാണ് ലഭിക്കുക. അവിടെ നിന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് നൽകും.
അവിടെ കെൽട്രോൺ അധികൃതർ ആദ്യം ചിത്രം പരിശോധിക്കും.നിയമ ലംഘനമെന്ന് ബോധ്യപ്പെട്ടാൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് കൈമാറും. വീണ്ടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം അടുത്ത സെഷനിലേക്ക് കൈമാറും. അവിടെ നിന്നായിരിക്കും വാഹന ഉടമയ്ക്ക് നോട്ടീസ് അയക്കുന്നത്. ചെയ്യാത്ത കുറ്റത്തിനാണ് നോട്ടീസ് നൽകുന്നതെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.