മോഹന്‍ലാല്‍ വിവാദം എന്തിന്? : മന്ത്രി ബാലന്‍

തിരുവനന്തപുരം : മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും സാഹിത്യകാരന്‍മാരും മാധ്യമപ്രവര്‍ത്തകരും ഒപ്പിട്ട സംയുക്ത പ്രസ്താവനയിലെ ഒന്നാം പേരുകാരന്‍ പ്രകാശ് രാജ് താനങ്ങനെ പറഞ്ഞില്ലെന്ന വിശദീകരണവുമായി രംഗത്ത്. 'മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹം ഒരു പ്രതിഭയും മുതിര്‍ന്ന നടനുമാണ്. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ എനിക്ക് കഴിയില്ല. ആര് ചെയ്താലും ഇത് ശരിയാണെന്ന് വിശ്വസിക്കുന്നുമില്ല.' ട്വിറ്ററിലൂടെ പ്രകാശ് രാജ് നയം വ്യക്തമാക്കി.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ എ എം എം എ പ്രസിഡന്റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത് പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാണുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് സിനിമ സാംസ്‌കാരിക കൂട്ടായ്മ രംഗത്തെത്തിയത്. തുടര്‍ന്നാണ് 107 പേര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന പുറത്തുവന്നത്. 'ഈ സംഭവുമായി ബന്ധപ്പെട്ട കത്തില്‍ എങ്ങനെയാണ് എന്റെ പേര് വന്നതെന്ന് എനിക്ക് അറിയില്ല. എന്നെ ഇതിനായി ആരും സമീപിച്ചിട്ടുമില്ല. ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് ഞാന്‍ കരുതുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ ലാലിന്റെ കൂടെ നില്‍ക്കുന്നു.' എന്ന് പ്രകാശ് രാജ് പറയുമ്പോള്‍ ഇത്തരത്തില്‍ ആരുടെയൊക്കെ പേരുകള്‍ വ്യാജമായി ചേര്‍ത്തിട്ടുണ്ടെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ പ്രതിഷേധക്കാരെ ട്രോളുകയാണ്.

അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങിലേക്ക് നടന്‍ മോഹന്‍ലാലിനെ ഇതുവരെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കി. ഈ വിവാദം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും പറഞ്ഞു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നത് സര്‍ക്കാര്‍ ആണ്. അതിന്റെ പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നതും ആരൊക്കെ അതിഥികളാകണം എന്നതും സര്‍ക്കാരിന്റെ തീരുമാനമാണെന്നും കമല്‍ വ്യക്തമാക്കി. പുരസ്‌കാര വിതരണ ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാലും വ്യക്തമാക്കി. 'എന്നെ ക്ഷണിച്ചാല്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്. നിലവില്‍ ക്ഷണിക്കാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പറയുക...' മോഹന്‍ലാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

24-Jul-2018