ജെയ്ക്കിന്റെ സ്വത്തുക്കൾ; ആരോപണങ്ങളില്‍ പ്രതികരിച്ച് സഹോദരന്‍ തോമസ് സി തോമസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് അനധികൃതമായി കോടികള്‍ സമ്പാദിച്ചെന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് സഹോദരന്‍ തോമസ് സി തോമസ്. പിതാവിന്റെ സ്വത്തിന്റെ ഭാഗം കിട്ടിയതിനാലാണ് ജെയ്കിന് രണ്ട് കോടിയോളം രൂപയുടെ സ്വത്ത് ലഭിച്ചതെന്ന് തോമസ് ആവര്‍ത്തിച്ചു.

ഇക്കാര്യം നൂറ് ശതമാനം വ്യക്തതയില്‍ കേരളത്തോട് വിളിച്ചു പറയാന്‍ സാധിക്കുമെന്നും തോമസ് പറയുന്നു.
പല ഭാഗത്ത് നിന്നും ഇത്തരത്തില്‍ ആരോപണം ഉയരുന്നത് അമ്മയ്ക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും തോമസ് പറയുന്നു. കുടുംബം ഒറ്റകെട്ടായി ജെയ്കിന് പിന്നിലുണ്ട്. വരും ദിവസങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും തോമസ് പ്രതികരിച്ചു.

നേരത്തെ, ജെയ്ക് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്ങ്മൂലത്തിലെ വിവരങ്ങളാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. 1,07,956 രൂപ ജെയ്ക്കിന്റെ പേരിലും 5,55,082 രൂപ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലും ബാങ്കിലുള്ളത്. ഇതിന് പുറമേ ജെയ്കിന്റെ പേരില്‍ 2,06,14,161 രൂപയുടെ സ്വത്തുണ്ടെന്നും 4000 രൂപ കൈവശമുണ്ടെന്നുമാണ് സത്യവാങ്ങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ സ്വത്തുകള്‍ ജെയ്ക് അനധികൃതമായി സമ്പാദിച്ചതാണെന്ന വ്യാജ ആരോപണം ഉയര്‍ന്നിരുന്നു.

19-Aug-2023