കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും ഇടതുമുന്നണി സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ വിതരണം മുടക്കിയില്ല: മുഖ്യമന്ത്രി

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട വിഹിതം മുടങ്ങി 2 വര്‍ഷമായിട്ടും പെന്‍ഷന്‍ വിതരണം മുടങ്ങാതെ കൊണ്ടുപോകാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായത് അഭിമാനകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതല്‍ എന്‍.എസ്.എ.പി. ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ പെന്‍ഷന്‍ അര്‍ഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കും മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നു. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പു വിട്ടുവീഴ്ചയില്ലാതെ സര്‍ക്കാര്‍ പാലിക്കുകയാണ്. ഒരുമിച്ച് ഒരേ മനസ്സോടെ നമുക്കു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

19-Aug-2023