ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി
അഡ്മിൻ
ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട സ്കൂൾ കുട്ടികൾക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി. കേരള സ്റ്റേറ്റ് സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ കൈവശം സ്റ്റോക്ക് ഉള്ള അരിയിൽ നിന്നാണ് അരി വിതരണം ചെയ്യുക.
അരി സപ്ളൈകോ തന്നെ സ്കൂളുകളിൽ നേരിട്ട് എത്തിച്ച് നൽകും. 29.5 ലക്ഷം കുട്ടികളാണ് ഗുണഭോക്താക്കൾ. ഓഗസ്റ്റ് 24നകം വിതരണം പൂർത്തിയാക്കാനുള്ള നിർദേശമാണ് സപ്ലൈക്കോയ്ക്ക് നൽകിയിരിക്കുന്നതെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
അതേസമയം, ഓണക്കിറ്റ് ഇത്തവണ സംസ്ഥാനത്ത് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകൾക്ക് മാത്രമായി വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകുകയായിരുന്നു. 32 കോടി രൂപ സപ്ലെയ്കോക്ക് മുൻകൂറായി നൽകും. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തുകയാണ്. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകും. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പു വരെ 13 ഇനങ്ങൾ. തുണി സഞ്ചിയുൾപ്പെടെ പതിനാലിനം കണക്കാക്കിയാണ് കിറ്റ് തയ്യാറാക്കുന്നത്.