പ്രവര്‍ത്തക സമിതി; രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ ശ്രമവുമായി കോൺഗ്രസ് നേതൃത്വം
അഡ്മിൻ
കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിൽ കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാൻ ശ്രമവുമായി കോൺഗ്രസ് നേതൃത്വം. പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമായി ഉള്‍പ്പെടുത്താത്തില്‍ ചെന്നിത്തല അതൃപ്തിയിലെന്നാണ് റിപ്പോർട്ടുകൾ.
ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരം തേടി ദേശീയ നേതൃത്വം ഇറങ്ങുന്നത്. നിലവിൽ ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കാനാണ് നീക്കം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകും. പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിന് പിന്നാലെയുള്ള എ.ഐ.സി.സി പുനഃസംഘടനയിലും പ്രഖ്യാപനം ഉടനുണ്ടാകും. ഇതോടൊപ്പം താരിഖ് അന്‍വര്‍ കേരളത്തിന്റെ ചുമതല ഒഴിയുമെന്നാണ് സൂചന.
ഇന്നലെ പ്രഖ്യാപിച്ച 39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്നും 3 നേതാക്കള്‍ ഇടംപിടിച്ചു. കെസി വേണുഗോപാല്‍, ശശി തരൂര്‍, എകെ ആന്റണി എന്നിവരാണ് പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവായും പ്രവര്‍ത്തക സമിതിയില്‍ ഇടംനേടിയിരുന്നു.