യോഗിയുടെ കാലിൽ വീണ രജനീകാന്തിനെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി
അഡ്മിൻ
യുപി സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ടു വന്ദിച്ച സൂപ്പര്‍താരം രജനീകാന്തിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.''കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്... എന്നാൽ ഇങ്ങിനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും..!'' എന്നാണ് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റിനൊപ്പം #hukum #jailer എന്നീ ഹാഷ്ടാഗുകളും കൊടുത്തിട്ടുണ്ട്.യോഗിയുടെ കാൽക്കൽ വീണ് രജനീകാന്ത് വണങ്ങുന്ന വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രജനിയേക്കാൾ ഇരുപത് വയസ്സിൽ കുറവുള്ള യോഗിയുടെ പാദങ്ങളിൽ തൊട്ടുവെന്നായിരുന്നു വിമർശനം.
ലഖ്നൗവിൽ തന്റെ പുതിയ ചിത്രമായ ജയിലറിന്റെ പ്രദർശനവുമായി ബന്ധപ്പെട്ടാണ് രജനികാന്ത് എത്തിയത്. യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയിൽ സന്ദർശനം നടത്തിയ ശേഷം അദ്ദേഹത്തിന്റെ കാൽക്കൽ വണങ്ങി. യോഗി ആദിത്യനാഥിനൊപ്പം സിനിമ കാണാൻ ആഗ്രഹമുണ്ടെന്നും ചിത്രത്തിന്റെ വലിയ വിജയം ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നുവെന്നും ലഖ്നൗവിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് രജനികാന്ത് പറഞ്ഞിരുന്നു.
എന്നാൽ ജയിലര്‍ സ്ക്രീനിങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. അദ്ദേഹത്തിന്റെ ഡെപ്യൂട്ടി കേശവ് പ്രസാദ് മൗര്യയാണ് സിനിമ കാണാൻ എത്തിയത്.