കോൺഗ്രസിൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം പൊട്ടിത്തെറിയ്ക്ക് സാധ്യത

കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തലയുടെ തട്ടകം കേരളം തന്നെയായിരിക്കുമെന്ന സൂചനയാണ് പുതിയ പ്രവര്‍ത്തക സമിതി രൂപീകരണത്തോടെ പുറത്ത് വരുന്നത്. ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായാണ് പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ചെന്നിത്തലയെ ദേശീയതലത്തിലേക്ക് പരിഗണിക്കുന്നെങ്കില്‍ പ്രവര്‍ത്തക സമിതി അംഗത്വം നല്‍കുമായിരുന്നു.അദ്ദേഹത്തിനു എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കുമെന്ന പ്രതീക്ഷ നേതാക്കള്‍ക്കിടയില്‍ ശക്തമായിരുന്നു. എന്നാല്‍ ആ സാധ്യതകള്‍ പ്രവര്‍ത്തക സമിതി രൂപീകരണത്തോടെ അടഞ്ഞ മട്ടാണ്. അതേസമയം എന്നാല്‍ സ്ഥിരം ക്ഷണിതാവാക്കിയതോടെ ചെന്നിത്തലയുടെ തട്ടകം കേരളം തന്നെയായി മാറുകയും ചെയ്തു.

തരൂരിനെ പ്രവര്‍ത്തക സമിതി അംഗമാക്കിയതോടെ കേരളത്തിലല്ല ദേശീയ തലത്തിലായിരിക്കും തരൂരിന്റെ സ്ഥാനം എന്നും ഉറപ്പായി. പ്രതിസന്ധി ഘട്ടത്തില്‍ ഒരു നേതാവിനെ ഹൈക്കമാന്‍ഡ് കേരളത്തിലേക്ക് വിടുകയാണെങ്കില്‍ ആ നേതാവ് കെ.സി.വേണുഗോപാല്‍ ആയിരിക്കുകയും ചെയ്യും. കേരളത്തിലെ മുതിര്‍ന്ന ഒരു കോണ്‍ഗ്രസ് നേതൃനിര മുഖ്യമന്ത്രി പദവിയിലേക്ക് ഉള്‍പ്പെടെ ഇപ്പോഴും കണ്ടുവയ്ക്കുന്ന നേതാവും കെ.സി.വേണുഗോപാല്‍ തന്നെയാണ്.

കേരളത്തില്‍ എംഎല്‍എ എന്നതിനപ്പുറം പോസ്റ്റില്ലാതെയിരിക്കുന്ന ചെന്നിത്തല ദേശീയതലത്തിലേക്ക് വരുമെന്ന പ്രതീക്ഷയാണ് പ്രവര്‍ത്തക സമിതി രൂപവത്ക്കരണത്തിനു മുന്‍പ് കോണ്‍ഗ്രസില്‍ നിലനിന്നത്. കേരളത്തില്‍ നിന്നും ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെട്ട നേതാവും ചെന്നിത്തലയായിരുന്നു. വിമത പരിവേഷമുള്ള തരൂര്‍ പ്രവര്‍ത്തക സമിതിയിലേക്ക് എത്താന്‍ വലിയ സാധ്യത നേതാക്കള്‍ കല്‍പ്പിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ചെന്നിത്തലയ്ക്ക് ഒപ്പം പ്രവര്‍ത്തക സമിതിയിലേക്ക് മറ്റുള്ളവര്‍ ആരൊക്കെ എന്ന ചര്‍ച്ചയാണ് കേരളത്തില്‍ നടന്നത്.

എന്നാൽ, നിനച്ചിരിക്കാതെയുള്ള ഉമ്മന്‍ ചാണ്ടിയുടെ വിടവാങ്ങല്‍ കൂടിയായതോടെ ഉമ്മന്‍ ചാണ്ടിയ്ക്ക് പകരം സിഡബ്ല്യുസിയില്‍ ചെന്നിത്തല എത്തും കരുതപ്പെട്ടു. പക്ഷെ തരൂരാണ്‌ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. ചെന്നിത്തല അവഗണിക്കപ്പെടുകയും ചെയ്തു. ചെന്നിത്തലയും ശശി തരൂരും കെ.സി.വേണുഗോപാലും ഒരേ സമുദായമാണെന്ന വാദത്തില്‍ കഴമ്പില്ലെന്ന വിലയിരുത്തലിലാണ് ചെന്നിത്തലയുമായി അടുപ്പമുള്ളവര്‍. ഇവരില്‍ എല്ലാവരെക്കാളും സീനിയര്‍ നേതാവ് ചെന്നിത്തലയാണെന്നാണ് നേതാക്കള്‍ വിരല്‍ ചൂണ്ടുന്നു.

കഴിഞ്ഞ ദിവസം പ്രതികരണത്തിനില്ല എന്ന് ചെന്നിത്തല പറഞ്ഞെങ്കിലും ഉള്ളില്‍ അതൃപ്തി പുകയുന്നുണ്ട്. പക്ഷെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ആയതിനാല്‍ ഈ അതൃപ്തി പരസ്യമാക്കില്ല. ഇന്നും പുതുപ്പള്ളിയില്‍ ചെന്നിത്തലയ്ക്ക് പരിപാടികളുണ്ട്. പ്രവര്‍ത്തകസമിതിയില്‍ സ്ഥിരം ക്ഷണിതാവ് എന്ന സ്ഥാനം തുടരുന്നതിനാല്‍ പുതുപ്പള്ളി പ്രചാരണത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ട കാര്യവും ചെന്നിത്തലയുടെ മുന്നിലില്ല.

എന്തായാലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസില്‍ ഒരു പൊട്ടിത്തെറിയ്ക്ക് സാധ്യതയുണ്ട്. എ ഗ്രൂപ്പും ഐ ഗ്രൂപ്പുമൊക്കെ നിലവില്‍ അസംതൃപ്തരായി കഴിയുകയാണ്. അതിന്നിടയിലാണ് ഉമ്മന്‍ ചാണ്ടിയുടെ മരണവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും പ്രവര്‍ത്തക സമിതി രൂപീകരണവുമൊക്കെ വന്നത്. ഇതിന്റെയെല്ലാം അനുരണനങ്ങള്‍ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പോടെ പുറത്ത് വരാനാണ് സാധ്യത കൂടുതല്‍.

21-Aug-2023