ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം
അഡ്മിൻ
നിര്‍ണായക ബില്ലുകളില്‍ ഒപ്പിടാത്ത നടപടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. കോടതിയില്‍ പോയാല്‍ സ്ഥിതി വഷളാകുമെന്നാണ് വിലയിരുത്തല്‍. തുടര്‍നടപടികള്‍ കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മതി.
തുറന്ന യുദ്ധത്തിന് പോയാല്‍ ഗവര്‍ണ്ണര്‍ കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ പോകുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ മുമ്പ് നിയമോപദേശം തേടിയിരുന്നു. കോടതിയെ സമീപിക്കുന്നതിന് അനുകൂലമായ നിയമോപദേശവും ലഭിച്ചിരുന്നു.
എന്നാൽ, കോടതിയെ സമീപിച്ചാല്‍ സ്ഥിതി വഷളാകുമെന്നും, പിന്നീട് ഗവര്‍ണറുമായി ആശയവിനിമയം പൂര്‍ണമായും ബുദ്ധിമുട്ടിലാകുമെന്നുമാണ് സര്‍ക്കാര്‍ കരുതുന്നത്. ലോകായുക്ത ബില്‍, സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്നത് അടക്കമുള്ള ബില്ലുകളാണ് നിയമസഭ പാസാക്കിയെങ്കിലും, ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടാതെ വെച്ചിരിക്കുന്നത്.
ബില്ലില്‍ പ്രതിപക്ഷത്തിന്റെയും ബിജെപിയുടെ പിന്തുണയും ഗവര്‍ണര്‍ക്കൊപ്പമുണ്ട്. നിയമസഭ ബില്ല് പാസാക്കിയാല്‍ അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് കീഴ്‌വഴക്കം. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ വിശദീകരണം ചോദിക്കാം. തൃപ്തികരമല്ലെങ്കില്‍ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും.
അതേസമയം നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ വഴി സപ്രീംകോടതിയെ സമീപിക്കാനുമാകും. എന്നാല്‍ ഗവര്‍ണറെ പിണക്കി, സ്ഥിതി വഷളാക്കേണ്ട എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കിരിന് ഇപ്പോഴുളളത്.